പട്ടാപ്പകല്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നയാള്‍ അറസ്റ്റില്‍. ജിമ്മന്‍ എന്ന് വിളിക്കുന്ന സജിത്ത് കുമാറാണ് താമരശ്ശേരിയില്‍ വച്ച് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. സി സി ടി വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജിത്ത് കുമാര്‍ പിടിയിലായത്.
ഇന്നലെയാണ് മാനന്തവാടി മൈസൂര്‍ റോഡില്‍ വച്ച് വനം വകുപ്പ് ജീവനക്കാരിയായ റോസിലിറ്റ് ജോസഫിന്റെ കഴുത്തില്‍ കിടന്നിരുന്ന മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് പ്രതി കവര്‍ന്നത്. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് കായംകുളം സ്വദേശിയായ സജിത്ത് കുമാര്‍.
മാലയ്ക്കായി ബൈക്കിന് പിന്നാലെ യുവതി ഏറെ ദൂരം ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു. സംഭവത്തില്‍ കൂട്ടുപ്രതിയും ഇയാളുടെ ഭാര്യയുമായ തമിഴ്‌നാട് സ്വദേശിനിയും അറസ്റ്റിലായി. പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെ ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. സജിത്ത് കുമാര്‍ കവര്‍ച്ച ഉള്‍പ്പടെ മുപ്പത്തിയഞ്ചോളം കേസുകളില്‍ പ്രതിയാണ്.