കോട്ടയം: ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുമ്പോൾ മറുവശത്ത് സൂംബ ഡാൻസുമായി ആറാടുകയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ജീവനക്കാർ. ഏറ്റവും തിരക്കുപിടിച്ചതും സുരക്ഷിത മേഖലയുമായി ഗൈനക്കോളജി വാർഡിലും ഗുരുതരമായി പൊള്ളലേറ്റ രോഗികൾ കിടക്കുന്ന തീവ്ര പരിചരണ വിഭാഗത്തിലുമാണ് ജീവനക്കാർ ഈ കൂത്ത് നടത്തുന്നത്.
രോഗികൾ വേദനയാൽ പുളയുമ്പോൾ ഓടിയെത്തേണ്ട ജീവനക്കാർ എന്നാൽ മതിമറന്ന് ആറാടുകയാണ്. ഐസിയു പരിസരത്തും ഗൈനക്കോളജി വാർഡിനു മുൻപിലുമെല്ലാം ഡാൻസ് കളിച്ചു വൈറൽ ആകാനാണ് ജീവനക്കാർ ശ്രമിക്കുന്നത്. പല ജീവനക്കാരും ജോലിക്കിടയിൽ മുങ്ങുന്നതും പതിവാണ്. മുങ്ങുന്നവർ പൊങ്ങുന്നത് സുംബയിലാണെന്ന് മാത്രം . ഡ്യൂട്ടിക്കിടയിൽ ജീവനക്കാർ സുംബ ഡാൻസ് കളിക്കാൻ മുങ്ങുന്ന ഏക ആശുപത്രിയിയും കോട്ടയം മെഡിക്കൽ കോളേജാണ്.
അധികാരികളുടെ മൂക്കിൻ തുമ്പിലാണ് ഈ തോന്ന്യവാസങ്ങൾ അരങ്ങേറുന്നതെങ്കിലും ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ് ഇവർ. രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാർക്ക് ഒരു നിമിഷത്തേക്ക് എങ്കിലും വിശ്രമിക്കാൻ ആവശ്യമായ സ്ഥലവും സൗകര്യവും അനുവദിക്കാത്ത അധികാരികളാണ് ഈ തോന്ന്യവാസത്തിന് ഒത്താശ ചെയ്യുന്നത്.
ജീവനക്കാർക്കായി പരിപാടികൾ സംഘടിപ്പിക്കുന്നതിനോ ഇവർ സൂംബ കളിക്കുന്നതിനോ ആരും എതിരല്ല, എന്നാൽ ഗുരുതരമായി പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച് രോഗികൾ കഴിയുന്ന ഐസിയു വാർഡിൽ തന്നെ വേണോ ഇതൊക്കെ എന്നതാണ് പ്രശ്നം.
സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടകെട്ടിടം ദുരുപയോഗം ചെയ്യുന്നതിന് ആരോഗ്യമന്ത്രിയും കൂട്ട് നിൽക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജനങ്ങൾ ആരോപണം ഉന്നയിക്കുന്നു.