ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇന്ന്(29 മാർച്ച്) നിർവഹിക്കും.
വൈകിട്ട് 3.30ന് ബീമാപ്പള്ളി യു.പി. സ്‌കൂളിലാണു ചടങ്ങ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 28,74,000 വിദ്യാർഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്.
വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളിൽ എത്തിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അരി സ്‌കൂളുകളിൽ എത്തിച്ചു നൽകുന്നതിന്റെ ചെലവുകൾക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മധ്യ വേനൽ അവധിക്കായി സ്‌കൂളുകൾ അടക്കുന്നതിന് മുൻപ് അരി വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.