തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡിവൈഎസ്പി വിജിലൻസ് പരിശോധനയക്കിടെ കടന്നുകളഞ്ഞു. ഡിവൈ.എസ്പി വേലായുധൻ നായരാണ് പരിശോധനക്കിടെ മുങ്ങിയത്. സ്റ്റേറ്റ്മെന്റിൽ ഒപ്പുവച്ചശേഷം വീടിനു പിന്നിലേക്ക് പോയ ഇദ്ദേഹത്തെ പിന്നെ കാണാതായി എന്നാണ് വിജിലൻസ് സംഘം കഴക്കൂട്ടം പോലീസിൽ റിപ്പോർട്ട് ചെയ്തതു.
വീട്ടുകാർ പരാതി നൽകാത്തതിനാൽ മിസ്സിംഗിന് കേസെടുത്തിട്ടില്ല. അറസ്റ്റ് ഭയന്ന് മാറിയതാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. ഇന്നലെ വൈകുന്നേരത്തോടെ കഴക്കൂട്ടത്തെ വീട്ടിൽ ആരംഭിച്ച വിജിലൻസ് പരിശോധന രാത്രി ഒൻപതിനാണ് അവസാനിച്ചത്.25,000 കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണനിൽ നിന്നാണ് ഡിവൈഎസ്പി 50,000 രൂപ കൈക്കൂലി വാങ്ങിയത് . നാരായണന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരാണ്.നാരായണന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോഴാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ലഭിച്ചത്. നാരായണന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും വേലായുധൻ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ നാരായണൻ കൈമാറിയതായി കണ്ടെത്തിയിരുന്നു, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ.