ജീവനക്കാർ ചായ കുടിക്കാൻ പോയ നേരത്ത് സ്റ്റാൻഡിൽ നിന്ന് ബസുമായി യുവാവ് കടന്നു.

0
76

ഡ്രൈവറും കണ്ടക്ടറും ചായ കുടിക്കാൻ പോയ നേരത്ത് സ്റ്റാൻഡിൽ നിന്ന് ബസുമായി യുവാവ് കടന്നു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ബസ് പിന്തുടർന്ന് പിടികൂടി. അപ്പോഴേക്കും നഗരത്തിൽ രണ്ട് കിലോമീറ്ററിലധികം ബസ് പിന്നിട്ടിരുന്നു.കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ചക്രവര്‍ത്തി എന്ന ബസുമായാണ് യുവാവ് കടന്നത്. ഇന്നലെ വൈകീട്ട് കോഴിക്കോട് സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയതായിരുന്നു. അതിനിടെയാണ് യുവാവ് ബസുമായി കടന്നത്. ജീവനക്കാര്‍ തിരിച്ചെത്തിയതോടെ ട്രാക്കില്‍ ബസ് കണ്ടില്ല. ഉടൻ പൊലീസിൽ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടകരമായ രീതിയിൽ ബസ് നടക്കാവ് ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. പൊലീസ് പിന്നാലെയെത്തി നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവാവ് നിർത്തിയില്ല. രണ്ട് കിലോമീറ്ററിലേറെ ഓടിച്ച ശേഷമാണ് നിർത്തിയത്.

യുവാവിനെ കസ്റ്റഡിയിലെടുത്തപ്പോൾ ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. മാനസികാസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തിൽ കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഇയാള്‍ കോഴിക്കോട് ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.