ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട റിസോർട്ടിലെ രണ്ടു മുൻജീവനക്കാരെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ച റിസോർട്ട് ഉടമയും കൂട്ടാളികളും പോലീസ് പിടിയിൽ. വർക്കല സൗത്ത് ക്ലിഫിലെ Vaccay Nest എന്ന റിസോർട്ടിന്റെ ഉടമയായഒന്നാം പ്രതി വർക്കല സൈദ്അലി മൻസ്സിലിൽ സെയ്ദലി , കൂട്ടാളികളായ കല്ലമ്പലം പുതുശ്ശേരിമുക്ക് ജിതിൻ നിവാസിൽ ജിതിൻ, കല്ലമ്പലം പുതുശ്ശേരി മുക്ക് ഇടവൂർക്കോണം സലീന മൻസിലിൽ സജീർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
റിസോർട്ടിലെ രണ്ടു മുൻജീവനക്കാർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.കോട്ടയം കണക്കാഞ്ഞൂർ വട്ടം പറമ്പിൽ വീട്ടിൽ നിന്നും വർക്കല വെട്ടൂർ അക്കരവിള പള്ളിക്ക് സമീപം വിളയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന 26 വയസ്സുള്ള ശരത് സജി എന്ന മുൻജീവനക്കാരനെ വീട്ടിൽ അതിക്രമിച്ചു കയറി ഗുരുതരമായി മർദ്ദിച്ചവശനാക്കുകയായിരുന്നു.
ശരത്തിന്റെ ഭാര്യയുടേയും കുഞ്ഞിന്റെയും മുന്നിലിട്ടായിരുന്നു അക്രമി സംഘത്തിന്റ ക്രൂരമർദ്ദനം .ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഗുരുതരമായി പരുക്കേറ്റ ശരതിന്റെ മൊഴിയിൽ വർക്കല പോലീസ് മേൽ നടപടികൾ സ്വീകരിക്കുകയായിരുന്നു. ശമ്പള കുടിശ്ശിക ചോദിച്ചതിനുള്ള വിരോധമെന്നാണ് മൊഴിയിൽ. എന്നാൽ മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് റിസോർട്ട് ഉടമയായ അലിയെ എക്സൈസ് പിടികൂടിയിട്ടുണ്ടായിരുന്നു. ആ കേസിലേക്ക് ആവശ്യമായ വിവരങ്ങൾ ശരത് എക്സൈസിനും മാധ്യമങ്ങൾക്കും നൽകിയതിൽ വച്ചുള്ള വിരോധമെന്നും അറിയുന്നു.ശമ്പള കുടിശ്ശിക ചോദിച്ചതിന് കിളിമാനൂർ സ്വദേശിയായ മറ്റൊരു മുൻജീവനക്കാരനായ അഖിൽനേയും സമാനമായ രീതിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കുകയായിരുന്നു.ശമ്പള കുടിശ്ശിക നൽകാമെന്ന് പറഞ്ഞ് റിസോർട്ട് ഉടമയായ സെയ്‌ദലിയും സംഘവും അഖിലിനെ റിസോർട്ടിൽ കൂട്ടിക്കൊണ്ടുപോയി.അവിടെവച്ച് അവർ അഖിലിനെ മുറിയിൽ പൂട്ടിയിട്ട് രാവിലെ 11 മണി മുതൽ വൈകുന്നേരം വരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് അഖിൽ പോലീസിനോട് പറഞ്ഞത്.റിസോർട്ടുടമയായ സെയ്ദലിയുടെ ഭാര്യയുടെയും അമ്മയുടെ മുന്നിൽ വച്ചും സെയ്ദലി മർദ്ദിച്ചുവെന്ന് അഖിൽ പോലീസിനോട് പറഞ്ഞു.വർക്കല പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സെയ്ദലി .കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.