പ്രളയകാലത്ത് സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ കഴിഞ്ഞിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് അലനല്ലൂർ സ്വദേശി ഹരീഷ് ചന്ദ്രൻ (49) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ സമയത്ത് ഹാജരാകാതെ ഹരീഷ് നാടുവിടുകയായിരുന്നു.സുരക്ഷാ ജീവനക്കാരനായിരുന്നു ഹരീഷ്. പെൺകുട്ടിയുടെ കൈകൾ ബന്ധിച്ചും വായിൽ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ ഇയാൾ മാനിപുരത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മാവൂർ പൊലീസ് സ്ഥലത്തെത്തുകയും പിടികൂടുകയുമായിരുന്നു.
സിഐ കെ.വിനോദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ സ്പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.