കൊല്ലം: ചാത്തന്നൂരിൽ യുവതിയോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
കാരംകോട് അതിർത്ഥി വിളവീട്ടിൽ അരുൺ സിങ്(29), കാരംകോട് ചരുവിള പുത്തൻവീട്ടിൽ രാഹുൽ(30), ചാത്തന്നൂർ ഏറം വീട്ടിൽ സജീവ്(39) എന്നിവരാണ് അറസ്റ്റിലായത്.
കോയിപ്പാട് സ്വദേശി അഭിലാഷിനെയാണ് സംഘം ആക്രമിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച കോതോരി ജങ്ഷനിൽവെച്ചായിരുന്നു സംഭവം.
ജ്യൂസ് കുടിക്കാനായി കടയിലെത്തിയ യുവാവ് കടയുടമയായ യുവതിയോട് മോശമായ രീതിയിൽ സംസാരിച്ചു. ഇത് ചോദ്യം ചെയ്യാനായി യുവതിയുടെ സുഹൃത്തുക്കളായ അഭിലാഷ്, അനന്തു എന്നിവർ കടയിലെത്തുകയും യുവാവുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു.
ശേഷം കടയിൽ നിന്ന് മടങ്ങിയ യുവാവ് സുഹൃത്തുക്കളുമായെത്തുകയും അഭിലാഷിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുത്തേറ്റ അഭിലാഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.