തിരുവനന്തപുരം: അരുവിക്കരയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരു യുവതിയടക്കം ആറ് പ്രതികള്‍ പിടിയില്‍.
വട്ടിയൂര്‍ക്കാവ് പഴവിളാകത്ത് വീട്ടില്‍ രാജേഷ്(42), പേരൂര്‍ക്കട മൂന്നാമൂട് സ്വദേശി സുരേഷ്(38), അഴീക്കോട് മലയം സ്വദേശി സുനീര്‍(38), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ അനില്‍ ഭവനില്‍ അനില്‍കുമാര്‍(46), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടില്‍ അഖില്‍(23), ഇടുക്കി കരുണാപുരം രാജേഷ് ഭവനില്‍ രേഖ(33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായത് നിരവധി അന്തര്‍സംസ്ഥാന മോഷണക്കേസുകളിലെ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ രാജി പി ആറിന്റെ വീട്ടില്‍ മോഷണം നടന്നത്. രാജിയുടെ വസ്തു വിറ്റ എട്ട് ലക്ഷം രൂപയും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവുമാണ് കവര്‍ന്നത്.
വീടിന്റെ പ്രധാന വാതില്‍ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍വും പണവും കവരുകയായിരുന്നു.
മോഷണത്തിന് ശേഷം പ്രതികള്‍ ഇടുക്കിയിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതുമനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടാനെത്തിയപ്പോള്‍ തിരുവനന്തപുരത്തേക്ക് കടന്നു.
തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന പൊലീസ് പീരപ്പന്‍കോട് വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയത്ത് 10 പവന്‍ സ്വര്‍ണവും 22,100 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ശില്‍പ ദേവയ്യ, നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.