തമിഴ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം.
ആയുധങ്ങളുമായി എത്തിയ യുവാവിനെ ഒരു വൃദ്ധൻ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വയോധികൻ പ്രതിയെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്
പോളിടെക്‌നിക് വിദ്യാർത്ഥി സുരേഷ് ആണ് അറസ്റ്റിലായത്. അജിത് കുമാർ നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലെ ബാങ്ക് കവർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു മോഷണ ശ്രമം.
ശനിയാഴ്ച ധാരാപുരത്തെ കനറാ ബാങ്ക് ശാഖയിൽ ബുർഖയും മുഖംമൂടിയും ധരിച്ച് ബോംബുമായി സുരേഷ് എത്തി. തുടർന്ന് തോക്കും കത്തിയും കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബാങ്കിന് ചുറ്റും നടക്കുന്നതിനിടെ സുരേഷിൻ്റെ ആയുധം കൈയിൽ നിന്ന് വഴുതി നിലത്തു വീണു. ഇത് എടുക്കാൻ കുനിഞ്ഞപ്പോൾ, കൌണ്ടറിന് മുന്നിൽ നിന്ന ഒരു വൃദ്ധൻ സുരേഷിൻ്റെ മേൽ ചാടിവീണ് ടവൽ ഉപയോഗിച്ച് പിടികൂടി.
ഓൺലൈനായി വാങ്ങിയ കളിത്തോക്കും, ഡമ്മി ബോംബുമായാണ് സുരേഷ് എത്തിയതെന്ന് പൊലീസ് അറിയിച്ചു. വയോധികൻ്റെ ആക്രമണത്തിൽ സുരേഷിന് പരിക്കേറ്റു. പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിശദമായ അന്വേഷണം ആരംഭിച്ചു