അടൂർ: പതിനേഴുവയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഏഴുവർഷങ്ങൾക്കുശേഷം അടൂർ പോലീസ് അറസ്റ്റുചെയ്തു.
കൊല്ലം, കടയ്ക്കൽ പാലക്കൽ ആയിരക്കുഴി പാലവിളയിൽ പുത്തൻവീട്ടിൽ പ്രശാന്ത് (35) ആണ് അറസ്റ്റിലായത്
2016-ലാണ് കേസിനാസ്പദമായ സംഭവം. അടൂർ സ്വദേശിയായ പെൺകുട്ടി സഹോദരന്റെ ചികിത്സയ്ക്കായി അടൂർ താലൂക്ക് ആശുപത്രിയിൽ കഴിയുമ്പോളാണ് പ്രതിയുമായി പരിചയത്തിലാകുന്നത്.
തുടർന്ന്, ഫോൺ മുഖേന പെൺകുട്ടിയുമായി നിരന്തരബന്ധം തുടർന്നുവന്ന പ്രതി പെൺകുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷിക്കുന്നതറിഞ്ഞ പ്രതിഒളിവിൽപോയി. വിവിധ അന്വേഷണ സംഘങ്ങളും, സൈബർസെല്ലും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
തുടർന്ന്, അടൂർ ഡിവൈ.എസ്.പി. ആർ.ബിനുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
2022-ൽ ഇയാളെ ആലുവ ടൗണിൽ കണ്ടതായിട്ടുള്ള വിവരം പോലീസിന് ലഭിച്ചു. അലുവയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ തടിയിട്ടപറമ്പ് വാഴക്കുളം എന്ന സ്ഥലത്ത് പ്രതിയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇവിടെ അരുൺ എന്ന പേരിൽ ഒളിവിൽ താമസിച്ചുവന്നിരുന്ന പ്രശാന്തിനെ അറസ്റ്റുചെയ്യുകയുമായിരുന്നു.
2016-നുശേഷം ഒളിവിൽപോയ പ്രതി പെരുമ്പാവൂരിൽ എത്തുകയും അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചെടുക്കുകയും, ഇവർക്കൊപ്പം പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക
ഇടുക്കി, തൃശ്ശൂർ, അങ്കമാലി, എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എറണാകുളം കുന്നത്തുനാട്പാറക്കര സ്വദേശിയായ ഒരാളുടെ തിരിച്ചറിയൽ രേഖകളും, മേൽവിലാസവും ഉപയോഗിച്ചായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്.
അടൂർ സി.ഐ. ടി.ഡിപ്രജീഷ്, എസ്.ഐ. എം.മനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ.കുറുപ്പ്, ജോബിൻ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.
.