കൊച്ചി: ഒന്നര വർഷമായി വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയുടേത് കൊലപാതകം. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പറമ്പിൽ കുഴിച്ച് മൂടിയെന്ന് ഭർത്താവ് മൊഴി നൽകിയതോടെയാണ് വിവരം പുറത്ത് വന്നത്.
വൈപ്പിൻ സ്വദേശിയായ രമ്യയാണ് കൊല്ലപ്പെട്ടത്. വൈപ്പിൻ സ്വദേശിയായ ഭർത്താവ് സജീവനാണ് കൊലപ്പെടുത്തിയത്. ഒന്നര വർഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിൻ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭർത്താവ് സജീവനും. ഒന്നരവർഷം മുമ്പാണ് രമ്യയെ വീട്ടിൽ കാണാതായത്.
രമ്യയെ അന്വേഷിച്ച അയൽവാസികളോട് ജോലികിട്ടി ബെംഗളൂരുവിൽ പോയതാണെന്നാണ് സജീവൻ പറഞ്ഞിരുന്നത്. നാളുകൾ കഴിഞ്ഞിട്ടും രമ്യയുടെ വിവരമറിയാത്തതിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ രമ്യയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തി. തുടർന്നാണ് സജീവൻ പൊലീസിൽ പരാതി നൽകിയത്.
അതിന് ശേഷം പുറത്ത് വന്ന നരബലി കേസുകളുടെ ഭാഗമായി പൊലീസ് മിസിംഗ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്