കൊല്ലം ശൂരനാട്ട് മുന്നണി ബന്ധങ്ങൾ മുറിഞ്ഞ് സി.പി.എമ്മും സി.പി.ഐയും രണ്ട് വഴിക്ക്. ഇതിനെതുടർന്ന് പാതിരിക്കൽ ക്ഷീരസംഘം തെരഞ്ഞെടുപ്പിൽ സി.പി.ഐ ഒറ്റക്ക് മത്സരിച്ച് വിജയിച്ചു. സി.പി.ഐ പാനലിൽ മത്സരിച്ച ഒമ്പതുപേരിൽ അഞ്ചുപേരും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി. രാജേഷ് കുമാർ, ആർ. ബിന്ദു, കെ. ദിവ്യ, ഒ. ഷീജ, വി. പൊന്നപ്പൻ എന്നിവരാണ് സി.പി.ഐ പാനലിൽ വിജയിച്ചത്. ഈ പാനലിനെതിരെ സി.പി.എം-കോൺഗ്രസ്- ബി.ജെ.പി നേതൃത്വത്തിൽ കർഷകമുന്നണിയുണ്ടാക്കി മത്സരിച്ചിരുന്നു. ആ പാനലിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളായ ശശിധരൻ നായർ, ജയപ്രഭ എന്നിവരും ബി.ജെ.പി സ്ഥാനാർഥി പത്മനാഭക്കുറുപ്പ്, സി.പി.എം പ്രതിനിധി കെ. അനിൽകുമാർ എന്നിവരാണ് വിജയിച്ചത്.തെരഞ്ഞെടുപ്പിൽ സി.പി.ഐക്കെതിരെ സി.പി.എം-കോൺഗ്രസ്-ബി.ജെ.പി സഖ്യം മത്സരത്തിനിറങ്ങിയതോടെ സി.പി.എം അണികളിൽ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞതവണ ഈ ക്ഷീരസംഘത്തിന്റെ ഭരണം ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരുന്നു. സി.പി.ഐ-അഞ്ച്, സി.പി.എം-നാല് എന്നതായിരുന്നു കക്ഷിനില. തങ്ങൾക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും പ്രസിഡന്റ് പദം രണ്ടരവർഷം വീതം പങ്കിടാൻ സി.പി.ഐ നേതൃത്വം തയാറായതോടെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ തർക്കങ്ങൾ ഇല്ലാതെ മുന്നോട്ടുപോകുകയായിരുന്നു.എന്നാൽ, ഭരണസമിതിയുടെ അവസാന നാളുകളിൽ ഭൂരിപക്ഷമുള്ള ഭരണസമിതിയെ സി.പി.എം പ്രസിഡന്റ് ഏകപക്ഷീയമായി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയമിക്കുകയായിരുന്നുവെന്ന് സി.പി.ഐ ആരോപിക്കുന്നു. ഇതിനെതിരെ ക്ഷീരകർഷകരും ബോർഡ് മെംബർമാരും ഹൈകോടതിയെ സമീപിക്കുകയും പിരിച്ചുവിട്ട നടപടി സ്റ്റേ ചെയ്യുകയും ചെയ്തു. തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എൽ.ഡി.എഫ് യോഗം ചേർന്നപ്പോൾതന്നെ മൂന്ന് സീറ്റ് മാത്രമേ സി.പി.ഐക്ക് നൽകാനാകൂവെന്ന് സി.പി.എം നിലപാട് സ്വീകരിച്ചതോടെ ഇടതുമുന്നണി സംവിധാനം തകർന്നു. സി.പി.ഐ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ സി.പി.എം കോൺഗ്രസിനോടും ബി.ജെ.പിയോടും കൂട്ടുകൂടി.കോൺഗ്രസ്-നാല്, സി.പി.എം -മൂന്ന്, ബി.ജെ.പി -രണ്ട് എന്നിങ്ങനെ ധാരണയായി മത്സരിക്കുകയായിരുന്നു. സി.പി.എം അണികളിൽ പ്രതിഷേധം ശക്തമായതോടെ ഏരിയ നേതൃത്വം ഇടപെട്ട് വിഷയം ചർച്ച ചെയ്യുകയും രണ്ട് സ്ഥാനാർഥികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.നടപടി സ്വീകരിച്ചിട്ടും വിജയിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയിട്ടും രക്ഷയുണ്ടായില്ല. ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആനയടി ക്ഷേത്രം, വീട്ടിനാൽ ക്ഷേത്രം എന്നിവിടങ്ങളിലെ ഭരണസമിതി തെരഞ്ഞെടുപ്പിലും സി.പി.ഐയെ ഒഴിവാക്കാൻ ബി.ജെ.പി, കോൺഗ്രസ് കക്ഷികളെ കൂട്ടുപിടിച്ച് സി.പി.എം മത്സരിച്ചിരുന്നു.