ഭര്‍തൃപിതാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയിൽ പാറപ്പുറത്ത് വടക്കേതിൽ ബിപിൻ (29) എന്നിവർ അറസ്റ്റിലായത്. ആലപ്പുഴ ചാരുമ്മൂടില്‍ നവംബർ 29നാണ് സംഭവം.
കുട്ടിയെ നോക്കാത്തതിന് വഴക്ക് പറഞ്ഞതിനാണ് മരുമകള്‍ ഭര്‍തൃപിതാവിനെ സുഹൃത്തിന്‍റെ സഹായത്തോടെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നവംബർ 29ന് രാത്രി 11.30നാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന രാജുവിനെ ‘അജ്ഞാതൻ’ കമ്പി വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു രാജു. വീടിന് അടുത്തെത്താറായപ്പോൾ വഴിയരികിൽ കാത്തുനിന്ന ഹെൽമറ്റ് ധരിച്ചയാൾ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയും കൊലപ്പെടുത്താൻ ശ്രമിക്കുകും ചെയ്തു. അടിയേറ്റ് രാജു വീണതോടെ അക്രമി ഓടി രക്ഷപ്പെട്ടു.
ആരാണ് അടിച്ചതെന്നോ എന്തിനാണ് ആക്രമണമെന്നോ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വാഹനത്തിൽ പോകുന്നത് കണ്ടു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞില്ല.
ഇതിനിടെയിലാണ് ആക്രമണം നടന്ന ദിവസം വൈകീട്ട് രാജു മരുമകളെ വഴക്ക് പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചത്. കുട്ടിയെ വേണ്ടരീതിയിൽ പരിചരിക്കാത്തതിനെ ചൊല്ലിയായിരുന്നു വഴക്ക്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്ന് പൊലീസ് മനസ്സിലായത്. വഴക്കുണ്ടായ വിവരം ശ്രീലക്ഷ്മി തന്‍റെ സുഹൃത്തായ ബിപിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ബിപിൻ എത്തി രാജുവിനെ കമ്പി വടികൊണ്ട് ആക്രമിക്കുകയായിരുന്നു.
iffk ഏറ്റെടുത്ത് യുവാക്കൾ, iffk ലഹരിയിൽ അനന്തപുരി
https://www.facebook.com/varthatrivandrumonline/videos/855609452526701