തിരുവനന്തപുരം: ആർഎസ്എസ് അനുകൂല പ്രസ്താവനകൾ പാർട്ടിക്കു തലവേദന സൃഷ്ടിച്ചതിനു പിന്നാലെ, കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം. ഇത് മനസ്സിലാക്കി സ്വയം ഒഴിയാൻ ഉള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്റെ രണ്ടാമൂഴം തടയാൻ ഗ്രൂപ്പ് ഭേദമന്യേ അണിയറ നീക്കങ്ങൾ സജീവമെന്നു സൂചന. രണ്ടാമൂഴത്തിനുള്ള നിരുപാധിക പിന്തുണയിൽനിന്ന് ഗ്രൂപ്പുകൾ പിന്നോട്ടു പോയെന്നാണ് വിവരം. തുടർച്ചയായി പാർട്ടിയെ വെട്ടിലാക്കുന്നത് ഹൈക്കമാൻഡ് പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അതിനിടെ, സംഘടനാ കോൺഗ്രസിലായിരുന്ന കാലത്ത് ആർഎസ്എസ് ശാഖകൾക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നതുൾപ്പെടെ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തുടരെ നടത്തുന്ന വിവാദ പരാമർശങ്ങളിൽ എഐസിസി നേതൃത്വം വിശദീകരണം തേടി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇതേക്കുറിച്ചു സുധാകരനുമായി ഫോണിൽ സംസാരിച്ചതായി വ്യക്തമാക്കി. സംഭവിച്ചതു നാക്കുപിഴയാണെന്നും ഇക്കാര്യത്തിൽ അദ്ദേഹം ഖേദം അറിയിച്ചിട്ടുണ്ടെന്നും താരിഖ് അൻവർ പറഞ്ഞു. സുധാകരനു പുറമേ, പാർട്ടി സംസ്ഥാന നേതൃത്വത്തിലെ മറ്റു നേതാക്കളോടും താരിഖ് സംസാരിച്ചു.
‘വിഷയത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. ആർക്കും നാക്കുപിഴയുണ്ടാകാം. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്നു സുധാകരൻ ഉറപ്പു നൽകിയിട്ടുണ്ട്. സുധാകരന്റെ പ്രതികരണം തൃപ്തികരമാണ്’– താരിഖ് അൻവർ അറിയിച്ചു.
ആർഎസ്എസിനെക്കുറിച്ചുള്ള പരാമർശത്തിനു പിന്നാലെ, വർഗീയതയോടു നെഹ്റു സന്ധി ചെയ്തുവെന്നു കൂടി സുധാകരൻ പറഞ്ഞതു കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇതു സിപിഎം രാഷ്ട്രീയ വിവാദമാക്കുന്നതിനിടെയാണ് എഐസിസിയുടെ ഇടപെടൽ. സുധാകരനുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ താരിഖ് അൻവർ പാർട്ടി നേതൃത്വത്തിനു റിപ്പോർട്ട് നൽകും. മുസ്‍ലിം ലീഗും പരാമർശങ്ങളിൽ അതൃപ്തി അറിയിച്ചിരുന്നു. ലീഗ് നിലവിൽ അണികൾക്ക് മുന്നിൽ മറുപടി ഇല്ലാത്ത അവസ്ഥയിൽ ആണ്. അതെ സമയം പുറത്താക്കിയാൽ സുധാകരൻ ബിജെപി യില് ചേരുമോ എന്ന ആശങ്കയും നേതാക്കൾക്ക് ഉണ്ട്. അത്തരത്തിൽ ഒരു നീക്കം ഉണ്ടായാൽ അത് സംസ്ഥാനത്ത് കോൺഗ്രസ്സിൻ്റെ അവസ്ഥ കൂടുതൽ പ്രശ്നത്തിൽ ആകും.
ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി
https://www.facebook.com/varthatrivandrumonline/videos/864057701704243