ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ല്‍ സെപ്തംമ്പർ ഇരുപത് മലയാള മാസം കന്നി അഞ്ചിന് ശിവഗിരിയില്‍ വച്ചാണ് ഗുരു സമാധിയടഞ്ഞത്.ആയതിനാൽ സമാധി ദിനം ആചരിക്കുന്നത് കന്നി അഞ്ചിനാണ്.
ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധസ്ഥിതര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു ഇന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയര്‍ന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ദാര്‍ശനികതയിലൂടെയാണ്.
പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്.
സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക വിപത്തുക്കള്‍ക്കെതിരെ അദ്ദേഹം സധൈര്യം രംഗത്തിറങ്ങി.ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു.
തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍.
കേരള സമൂഹം എക്കാലവും ഏറെ ചർച്ച ചെയ്യെപ്പടുന്നതിൽ ഒന്ന് ഗുരുദേവനും
ഗുരുദേവ ദർശനങ്ങളും ആണ്. നൂറ്റാണ്ടുകളുടെ ഉച്ചനീചത്വങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാൻ ശ്രമിക്കയും അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും അടിമത്വത്തിലും ആണ്ടു കിടന്ന ഒരു വിഭാഗം മനുഷ്യരെ മനുഷ്യർ ആക്കി മാറ്റി എടുക്കാൻ തന്റെ ജീവിതം കൊണ്ട് അദ്ദേഹത്തിനു സാധിച്ചു എന്നതാണ് ഗുരുവിന്റെ മഹത്വം.
നിർഭാഗ്യവശാൽ വർഗീയ വാദികൾ അദ്ദേഹത്തെ ഹിന്ദു സന്യാസി എന്നുവരെ ചിത്രീകരിക്കുന്നുണ്ട്. 1916 ജൂലൈ മാസത്തിൽ ഗുരു കൊല്ലം ജില്ലയിലെ പട്ടത്താനത്ത് നടത്തിയ പ്രസംഗത്തിലെ ചില വാക്യങ്ങൾ ഇതാണ്. “സമുദായ സംഗതികൾക്കും മതത്തിനും തമ്മിൽ വലിയ ബന്ധമൊന്നും പാടില്ല. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് യാതൊരു ബന്ധവുമില്ല. നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കൾ ചിലരുടെ ആഗ്രഹമനുസരിച്ചാണ്. ഇതു പോലെ ക്രിസ്ത്യാനികൾ മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കെല്ലാം വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത്. ”
1916 മേയ് 28ന് ശ്രീനാരായണ ഗുരു നടത്തിയ വിളംബരത്തിലും നമുക്ക് ജാതിയില്ല മതമില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ജാതിക്കും മതത്തിനും അതീതരായ മനുഷ്യർ ആയിരുന്നു. അധ:കൃതരെന്നു മുദ്രകുത്തി പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ മോചിപ്പിക്കാനും അവരെ അഭിമാനത്തോടെ ധീരതയോടെ ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്ത മഹാനുഭാവനാണ് ശ്രീ നാരായണ ഗുരു. “ജാതി ചോദിക്കരുത് ചിന്തിക്കരുത് പറയരുത്” എന്നു പറഞ്ഞ ഒരാളെ ഉള്ളു.
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”
എന്നും പറഞ്ഞ ഒരാളെ ഉള്ളു. ശ്രീ നാരായ ഗുരു മാത്രമാണത്.
ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹത് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. തന്റെ ജീവിതം കൊണ്ട് മഹാ വിപ്ലവം തീര്‍ത്ത യുഗപുരുഷന് വാർത്താ ട്രിവാൻഡ്രത്തിന്റെ പ്രണാമം.
ഇനി റീട്ടെയിൽ പണിക്കൂലിയില്ല ഹോൾസെയിൽ പണിക്കൂലി മാത്രം, അനന്തപുരിയിൽ തിലകക്കുറിയായി REGAL JEWELLERY പ്രവർത്തനം ആരംഭിച്ചു
https://www.facebook.com/varthatrivandrumonline/videos/1224553758397181