2024ല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ ബിജെപിയുടെ തേരോട്ടം തൽക്കാലത്തേങ്കിലും തുടരുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ബിജെപി തങ്ങളുടെ ശക്തി തെളിയിക്കുമ്പോൾ തകർന്നടിയുന്നത് ഇന്ത്യയിലെ മഹത്തായ ഒരു പ്രസ്ഥാനമാണെന്നത് നാം ഓർക്കണം. എന്തുകൊണ്ട് വീണ്ടും ബിജെപി? എന്തുകൊണ്ട് കോൺഗ്രസ്സ് തകർന്നടിയുന്നു? ഈ രണ്ട് ചോദ്യങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നവയാണ്.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും മികച്ച വിജയുമായി ബിജെപി ശക്തി തെളിയിച്ചിരിക്കുകയാണ്. കർഷക പ്രക്ഷോഭം അടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ച് യുപിയിൽ നേടിയ വിജയത്തിന് മധുരം കൂടുതലാണ്. യുപിയിൽ മത്സരിച്ച 376 സീറ്റുകളിൽ 251ലും ബിജെപി മുന്നിലാണ്. ഉത്തരാഖണ്ഡിലെ 70 സീറ്റുകളിൽ 48ലും വിജയിച്ച് ഭരണത്തുടർച്ച നേടി. മണിപ്പൂരിൽ 60 സീറ്റുകളിൽ 30 ഇടത്തും വിജയം ഉറപ്പാക്കി. ഗോവയിലാകട്ടെ 40 സീറ്റുകളിൽ 20 എണ്ണത്തിൽ വിജയിച്ച് ഭരണം പിടിച്ചു.ഇതത്ര ചെറിയ കാര്യമല്ല. കർഷക സമരം കേന്ദ്ര ഗവൺമെൻറിനെ താഴെ ഇറക്കാൻ പോന്ന ശക്തിയുള്ള ഒന്നായി പലരും കണ്ടിരുന്നു. പക്ഷേ ഇത്രയധികം കർഷകർ ഒരുമിച്ച്നിന്നിട്ടും മോദി പ്രഭാവത്തിന് കളങ്കം ഏറ്റില്ല എന്നതാണ് സത്യം.
ഉത്തർപ്രാദേശിലെ യോഗിയുടെ തേരോട്ടം അത് വില കുറച്ച് കാണാൻ ആകില്ല. ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് അധികാരത്തില്‍ വരിക എന്നത് ഒരുഘട്ടത്തിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ ഒന്നായിരുന്നു. ആ യുപിയെയാണ് മോദി- യോഗി കൂട്ടുകെട്ട് മാറ്റിമറിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം തികച്ച് ഭരിച്ചതിനൊപ്പം വീണ്ടും അധികാരത്തിലെത്തുകയെന്നത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ ഏടാണ്. സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ വിജയം.
1985ന് ശേഷം തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. അഞ്ചുവർഷം പൂർത്തിയാക്കി ഒരു മുഖ്യമന്ത്രി ഭരണത്തുടർച്ച നേടുന്നതും ഇതാദ്യമാണ്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ 1,02,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവില്‍ 269 സീറ്റുകളിലാണ് ബിജെപി സഖ്യം യുപിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 403 അസംബ്ലി സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 202 സീറ്റുകളാണ് വേണ്ടത്.
ഉത്തരാഖണ്ഡിൽ ബിജെപിക്ക് അധികാര തുടർച്ച ലഭിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ തോൽവി ബിജെപിക്ക് തിരിച്ചടിയായി. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പരാജയം രുചിച്ചത്. അതേസമയം ധാമിയുടെ തോൽവിയോടെ മുഖ്യമന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന പതിവും ഉത്തരാഖണ്ഡിൽ ആവർത്തിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ നിലവിൽ 48 സീറ്റ് നേടിയാണ് ബി ജെ പിയുടെ മുന്നേറ്റം തുടരുന്നത്. ഇക്കുറി സംസ്ഥാനത്ത് പതിവ് ആവർത്തിച്ച് ഭരണം പ്രതീക്ഷിച്ച കോൺഗ്രസിന് വെറും 18 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ 11 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ബി ജെ പിക്ക് ലഭിച്ചത് 57 സീറ്റുകളായിരുന്നു. അതേസമയം കന്നി പോരാട്ടത്തിറങ്ങിയ ആം ആദ്മിക്ക് സംസ്ഥാനത്ത് നിലംതൊടാൻ സാധിച്ചിട്ടില്ല. സ്വതന്ത്രർ ഉള്‍പ്പടേയുള്ള മറ്റുള്ളവർ 5 സീറ്റില്‍ മൂന്നിട്ട് നില്‍ക്കുന്നുണ്ട്.
ഈ ഘട്ടത്തിൽ കോൺഗ്രസ്സ്ന് ഇവിടുങ്ങളിൽ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കുവാനൊ വലിയൊരു ചലനം സൃഷ്ടിക്കുവാനോ സാധിച്ചില്ല എന്നതും പ്രധാനമാണ്. ഇതിൽ കോൺഗ്രസിനെ ഞെട്ടിച്ചത് പഞ്ചാബാണ്. തങ്ങളുടെ ശക്തി കേന്ദ്രമെന്ന് കരുതിയ പഞ്ചാബ് അക്ഷരാർത്ഥത്തിൽ ആംആദ്മി തൂത്തുവാരുകയായിരുന്നു. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.
കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാർത്ഥികൾ തറപറ്റിച്ചു. മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ എ പി സ്ഥാനാർത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗറാണ്. ശിരോമണി അകാലിദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എ എ പി യുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോടാണ്. കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഛന്നിയെ മുൻനിർത്തി നടത്തിയ പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. പാർട്ടിയിലെ ഉൾപ്പോരും വടംവലിയും പ്രചാരണത്തിലെ ഏകോപനവും വീഴ്ച്ചകളായപ്പോൾ പഞ്ചാബിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചോദിച്ച ആം ആദ്മി പാർട്ടിക്ക് വോട്ട് കുത്തി. ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. പ്രമുഖ നേതാക്കളുടെ തോൽവി അകാലിദളിൽ ഭിന്നസ്വരം ഉയരാൻ കാരണമാകും. മാത്സാ മേഖലയിലെ തോൽവി അകാലിദളിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്. ഗോവയിലും മണിപ്പൂരിലും ബിജെപി ആധിപത്യം സ്ഥാപിച്ചു. ഇത്തവണ തകർന്നടിയും എന്ന് പലരും കരുതിയിരുന്ന ബിജെപി യുടെ ഈ തിളക്കമുള്ള വിജയം അത് കോൺഗ്രസിന് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ഇലക്ഷൻ അടുക്കുമ്പോൾ മാത്രമല്ല ജനങ്ങളെ ചേർത്തുപിടിക്കേണ്ടതെന്ന ഓർമപ്പെടുത്തൽ. സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ വോട്ട് ലഭിക്കാനായി വേഷം മാറിയത് കൊണ്ടോ അവരെ കെട്ടിപ്പിടിച്ചത് കൊണ്ടോ തങ്ങളുടെ ബാലറ്റ് പെട്ടി നിറയണം എന്നില്ല. വലിയ വലിയ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് പോലെ “കറന്റ് പൊളിറ്റിക്സ്” എന്താണെന്ന് മനസിലാക്കാൻ കോൺഗ്രസിനാകണം. ഇല്ലെങ്കിൽ ഇനിയും തകർന്നടിയും. ഇതിനിടയിലൂടെ വലുതും ചെറുതുമായ ശക്തികൾ വളരുകയും ചെയ്യും.
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373