ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് ആറ് വര്‍ഷം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല.
മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ കലാഭവന്‍ മണി സ്പര്‍ശിക്കാത്ത തലങ്ങളുണ്ടാവില്ല. ഒരു സ്‌കൂളിന്‍റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു.
സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായും മണ്ണില്‍ ചവിട്ടി നിന്നു. ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു.
1990 കളുടെ പകുതിയോടെ ഒട്ടു മിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലെയറുകള്‍ അവിഭാജ്യ ഘടകമായപ്പോള്‍ അവിടെ മണിയും എത്തി. നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി. സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും സമൃദ്ധമായിരുന്നു.
മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തിയും മണി മലയാളത്തിന്‍റെ സ്വന്തക്കാരനായി മാറി. പക്ഷേ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണി മുഴക്കം നിലച്ച് പോയെന്ന്, പ്രിയപ്പെട്ടവരൊള്‍ മരിച്ച് പോയെന്ന് ചാലക്കുടി പുഴ പോലും വിശ്വസിച്ചിട്ടില്ല.
അദ്ദേഹത്തിന്‍റെ മരണശേഷം മരണം സംബന്ധിച്ച ദുരൂഹതകള്‍ മാറിയിരുന്നില്ല. ഒടുവിൽ സിബിഐ അന്വേഷിച്ച കേസിൽ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മരണം കരൾരോഗം വന്നിട്ടാണെന്നും കണ്ടെത്തിയിരുന്നു. ഇന്നും ഏറെ വേദനയോടെയല്ലാതെ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. അദ്ദേഹത്തിന്‍റെ പാട്ടുകളും വേഷങ്ങളുമൊക്കെ കേള്‍ക്കുന്നവരേയും കാണുന്നവരേയും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.
1971 ജനുവരി ഒന്ന് പുതുവത്സര ദിനത്തിലായിരുന്നു കലാഭവന്‍ മണിയുടെ ജനനം. ഓരോ പുതുവര്‍ഷം പിറക്കുമ്പോഴും സിനിമാപ്രേമികള്‍ മറക്കാത്ത ഒരു ദിവസമാണ് മണിയുടെ ജന്മദിനം. 1995 ല്‍ അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് കലാഭവന്‍ മണി ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായിരുന്നെങ്കില്‍ പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു.
സിനിമയിലെത്തിയത് മുതല്‍ പാട്ട് പാടാനുള്ള കഴിവും മണി തെളിയിച്ചിരുന്നു. നാടന്‍ പാട്ടുകള്‍ക്ക് പുതിയൊരു രൂപവും അവതരണവും നല്‍കിയാണ് മണി ആരാധകരെ കൈയിലെടുത്തത്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി നടന്നിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖന്‍ വെങ്കിടേഷ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികള്‍ നാടന്‍ ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ച്പറ്റിയത്.
ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി.2017 ഏപ്രിൽ 28-ന് കേസ് സി.ബി.ഐ.യ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. അനുജനും നർത്തകനുമായ രാമകൃഷ്ണന്റെ ആവശ്യത്തിന്മേലാണ് ഈ നിലപാട് വന്നത്. മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മരണം കരൾരോഗം വന്നിട്ടാണ് ഉണ്ടായതെന്നും 2019 ഡിസംബർ 30-ന് സി.ബി.ഐ. കണ്ടെത്തിയെങ്കിലും ഇതിനോട് കുടുംബാംഗങ്ങൾക്ക് ഇന്നും യോജിപ്പില്ല.
ഒരു ചിരിയിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ മണി എന്ന രണ്ടക്ഷരം മറഞ്ഞിട്ട് ഇന്നേക്ക് 6 വർഷം തികയുന്നു. പക്ഷേ മലയാളികൾ ഇന്നും മണിയെ കാണുകയും കേൾക്കുകയും ചെയ്യുന്നു. അതേ അത്ര പെട്ടന്ന് പറിച്ചെറിയാൻ പറ്റിയ ഒരു സ്ഥാനമല്ല മണിക്ക് മലയാളികൾ നൽകിയിട്ടുള്ളത്…
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373