രാജ്യത്ത് കൊറോണ വെെറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രധാനമന്ത്രി പ്രത്യേക ഫണ്ട് രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിൽ വഴി പങ്കുവച്ചിട്ടുണ്ട്.
രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ബി.ജെ.പി എം.പിമാരും ഒരു കോടി രൂപ വീതം നൽകുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ വ്യക്തമാക്കിയിരുന്നു. എം.പി ഫണ്ടിൽ നിന്നുമാണ് ഈ തുക കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. 386 എം.പിമാരാണ് ഇരുസഭകളിലുമായി ബി.ജെ.പിക്കുള്ളത്.
പ്രതിരോധ നടപടികളുടെ ഭാഗമായി നേരത്തേ കേന്ദ്ര സർക്കാർ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രി ജീവനക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ്.