കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ മിൽകോ ഡെയറിയുടെ പുതിയ ജൈവവളം ‘സസുഷ്ട എസ് ചാണകക്കൂട്ട്” വിപണിയിലെത്തി. കിടാരി പാർക്കിലെ കറവ പശുക്കളുടെ വിതരണ ചടങ്ങിൽ മന്ത്രി കെ. രാജുവിന്, ശാസ്ത്രജ്ഞൻ ഡോ. കമലാസൻപിള്ള ആദ്യ പായ്ക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ആദ്യ വിൽപ്പന ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഏറ്റുവാങ്ങി.
ഡയറിഫാമിലെയും കിടാരി പാർക്കിലെയും ജൈവ രീതിയിൽ വളർത്തുന്ന പശുക്കളുടെ ചാണകത്തിന്റെ തനിമയും ഗുണമേന്മയും പൂർണമായി നിലനിറുത്തി, ചെടികൾക്ക് ആവശ്യമായ എല്ലാ ധാതുലവണങ്ങളും മറ്റ് പോഷകഗുണങ്ങളും ചേർത്ത്, ജൈവ രാസപ്രക്രിയകൾക്ക് വിധേയമാക്കിയും പോഷക സംമ്പൂഷ്ടീകരണം നടത്തിയും ഉണ്ടാക്കിയിട്ടുളള അതിവിശിഷ്ടമായ വളക്കൂട്ടാണിത്. സാധാരണ ജൈവവളത്തെക്കാൾ മികച്ച ഫലം തരും.
അഞ്ച് കിലോയ്ക്ക് 60 രൂപയാണ് വില. 15 മുതൽ 20 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഗ്രോ ബാഗിലുളള ചെടികൾക്ക് വളമായി നൽകാം. എല്ലാ ചെടികൾക്കും ഉപയോഗിക്കാം. ദേശീയ അവാർഡ് ജേതാവായ ശാസ്ത്രജഞൻ ഡോ. കമലാസൻപിളള ദീർഘകാലത്തെ പരീക്ഷണ ഗവേഷണങ്ങളിലൂടെയാണ് ഇൗ ജൈവവളം വികസിപ്പിച്ചെടുത്തത്. ചെടികൾക്ക് തുടർച്ചയായുളള വളർച്ചയും ഉത്പാദനവും കിട്ടുമെന്നുളളതാണ് വളക്കൂട്ടിന്റെ മികവ്.