തിരുവനന്തപുരം: എല്ലാ സര്‍വീസുകളും പൂര്‍ണതോതില്‍ ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്‌ആര്‍ടിസി. ഇനി മുതല്‍ പഞ്ചിങ് അനുസരിച്ച് മാത്രമായിരിക്കും ശമ്പളം കണക്കാക്കുക. അതോടൊപ്പം ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം ഇനി സ്റ്റാന്‍ഡ് ബൈ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. നിലവിൽ കൊവിഡിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പരമാവധി സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. 6204 ബസുകളാണ് കെഎസ്‌ആര്‍ടിസിക്ക് ആകെയുള്ളത്. 3000ത്തോളം ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഈ വര്‍ഷം ആദ്യം 4425 ബസുകള്‍ സര്‍വീസ് നടത്തുകയും വരുമാനം 100 കോടിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
അതിനിടെ കെഎസ്ആർടിസി വാണിജ്യ വിഭാഗത്തിന്റെ ഭാഗമായ ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ലോജിസ്റ്റിക്സ് സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് കലാകൗമുദിയുടെ പത്രക്കെട്ടുകൾ ദിവസവും ബസിൽ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടുമാസം കെഎസ്ആർടിസി സൗജന്യ നിരക്കിലാണ് ഈ സേവനം നൽകുന്നത്. ഇതുസംബന്ധിച്ച് കെഎസ്ആർടിസിയുടെ അനുമതി എസ്റ്റേറ്റ് ഓഫീസർ എം ജി പ്രദീപ് കുമാർ കൈമാറി.