തിരുവനന്തപുരം: കൊവിഡ്19 സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജില്ലകൾ അടച്ചിടാനുള്ള കേന്ദ്രനിർദ്ദേശം അടിയന്തിരമായി നടപ്പാക്കണം. ഇക്കാര്യത്തിൽ അമാന്തം കാണിച്ചാൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും. കേന്ദ്ര സർക്കാരും ആരോഗ്യ രംഗത്തെ വിദഗ്ധരും ആവർത്തിച്ച് കർശന നിർദ്ദേശം നൽകിയിട്ടും സംസ്ഥാന സർക്കാർ അടച്ചിടൽ നടപ്പാക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയേ ഉള്ളൂ എന്ന് സുരേന്ദ്രൻ പറഞ്ഞു. കാര്യങ്ങൾ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. 24 മണിക്കൂറിനുള്ളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണം. സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കൂടുതൽ ദിവസം വീട്ടിലിരിക്കേണ്ടി വരുമെന്ന ധാരണയിൽ മദ്യം ക്രമാതീതമായി വാങ്ങിക്കൂട്ടുകയാണ്. ഇത് സാമൂഹ്യ, ആരോഗ്യ പ്രശ്നമായി മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു. എത്രയും പെട്ടന്ന് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചില്ലങ്കിൽ സ്ഥിതി ഗുരുതരമാകും. സുരേന്ദ്രൻ വ്യക്തമാക്കി.