കണ്ണൂര്‍: മൂന്നര പതിറ്റാണ്ടിന് ശേഷം കണ്ണൂരിന് ജയരാജ ത്രയങ്ങള്‍ മത്സര രംഗത്ത് ഇല്ലാത്ത തെരഞ്ഞെടുപ്പ്. രണ്ട് തവണ വിജയിച്ചവരെ മാറ്റി നിര്‍ത്താനുളള തീരുമാനം ഇ.പി ജയരാജനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന നിലപാട് പി.ജയരാജനും തിരിച്ചടിയായി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മത്സരിക്കാനില്ലെന്ന് എം.വി ജയരാജനും നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
1987 മുതല്‍ ഇങ്ങോട്ട് എല്ലാ തെരഞ്ഞെടുപ്പിലും കണ്ണൂരില്‍ ജയരാജന്മാരുടെ സാന്നിധ്യമുണ്ടായിരുന്നു. ആദ്യം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത് ഇ.പി ജയരാജനാണ്. അഴീക്കോട്ടെ ആദ്യ അങ്കത്തില്‍ രാഷ്ട്രീയ ഗുരുനാഥനായ എം.വി രാഘവന് മുന്നില്‍ ഇ.പി അടിയറവ് പറഞ്ഞു. 91ല്‍ അഴീക്കോട് നിന്ന് തന്നെ ആദ്യ ജയം. പിന്നീട് നീണ്ട രണ്ട് പതിറ്റാണ്ട് ഇ.പി പാര്‍ലമെന്ററി രംഗത്ത് ഉണ്ടായിരുന്നില്ല. 2011ലും 2016ലും മട്ടന്നൂരില്‍ നിന്ന് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തവണ ഇ.പിക്ക് മാറി നില്‍ക്കേണ്ടി വന്നത്.
1996ല്‍ എടക്കാട് നിന്നാണ് എം.വി ജയരാജന്റെ ആദ്യ മത്സരം. കന്നി അങ്കത്തില്‍ എ.ഡി മുസ്തഫയെ മലര്‍ത്തിയടിച്ച എം.വി 2001ലും വിജയം ആവര്‍ത്തിച്ചു. 2009ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ അബ്ദുളളക്കുട്ടിയോട് പരാജയപ്പെട്ട ചരിത്രവും എം.വി ജയരാജനുണ്ട്. 2001ല്‍ കൂത്തുപറമ്പില്‍ നിന്നും ആദ്യമായി മത്സരിച്ച് ജയിച്ച പി.ജയരാജന് പക്ഷേ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായി. എന്നാല്‍ 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും 2006ലും കൂത്തുപറമ്പില്‍നിന്നും വിജയക്കൊടി പാറിച്ച് പി. ജയരാജന്‍ ശക്തമായ തിരിച്ചുവരവ് നടത്തി. എന്തായാലും ഇനി മൂന്ന് ജയരാജന്മാരും പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമാകാനാണ് സാധ്യത.
പെൺകരുത്തിൻ്റെ പുതു പെരുമ… ഇവർ വരുമ്പോൾ ഇതാ ചരിത്രം വഴിമാറുന്നു.
[fb_plugin video href=”https://www.facebook.com/107537280788553/videos/180423116974349″ ]