തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് സേലം ജില്ലയിൽ മീനാക്ഷിപുരം വിനായകതെരുവ് ഹൗസ് നമ്പർ 12ൽ ഗായത്രി (38), സേലം മീനാക്ഷിപുരം വിനായകതെരുവ് ഹൗസ് നമ്പർ16ൽ സുബു (48) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ വിളയിൽമൂല പൊയ്കയിൽവീട്ടിൽ ഗ്രേസിപാപ്പച്ചന്റെ ബാഗിൽ നിന്ന് 25,000 രൂപയാണ് ഇവർ മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ടതറിഞ്ഞ് യാത്രക്കാരി ബഹളംവച്ചതിനെ തുടർന്ന് ജീവനക്കാർ ബസ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. പ്രതികളെ റിമാന്റ് ചെയ്തു.