വർക്കല: പാപനാശം വിനോദസഞ്ചാരമേഖലയിൽ മുറിയെടുത്ത് താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ആറ് യുവാക്കളെ വർക്കല എക്‌സൈസ് അറസ്റ്റുചെയ്തു. 300 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി വിൽക്കാനുപയോഗിക്കുന്ന ത്രാസും ഇവരിൽനിന്നു പിടിച്ചെടുത്തു.
വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലും ഹോം സ്റ്റേകളിലും നടത്തിയ രാത്രികാല മിന്നൽപ്പരിശോധനയിലാണ് സംഘം പിടിയിലായത്.
നാവായിക്കുളം അയിരമൺനില വടങ്കരമൂല കുന്നുവിള വീട്ടിൽ സെയ്ദ് അലി(24), തിരുവനന്തപുരം കോളിയൂർ മുട്ടക്കാട് വാഴത്തോട്ടം മേലേപുത്തൻ വീട്ടിൽ അജിത്ത്(22), മലയിൻകീഴ് പെരിങ്കാവ് പുതുവീട്ടിൽമേൽ അഭിജിത്ത് ഭവനിൽ അനിരുദ്ധ്(20), മലയിൻകീഴ് വിഴവൂർ തെങ്ങുവിളാകം വീട്ടിൽ ദീപു(20), നാവായിക്കുളം കുടവൂർ കപ്പാംവിള ഞാറയിൽകോണം പാറക്കെട്ടിൽ വീട്ടിൽ മുഹമ്മദ് റാഷിദ്(23) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, കഞ്ചാവുമായി വന്ന കരുനാഗപ്പള്ളി ആലപ്പാട് പണ്ടാരത്തുരുത്ത് കണ്ടത്തിൽ വീട്ടിൽ മുത്തപ്പൻ എന്നുവിളിക്കുന്ന ആദിത്യകുമാറിനെ(23)യും അറസ്റ്റുചെയ്തു. ഇയാളിൽനിന്നും 100 ഗ്രാം കഞ്ചാവും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും പിടിച്ചെടുത്തു. റിസോർട്ടുകളിൽ മുറി വാടകയ്‌ക്കെടുത്ത് താമസിച്ച് ഫോൺ വഴി ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് വിൽപ്പന നടത്തുകയാണ് സംഘം ചെയ്തുവന്നത്. സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
ടൂറിസം മേഖലയിൽ കഞ്ചാവ് വിൽപ്പന വർധിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, മഹേഷ്, ഷിജു, രാകേഷ്, ഡ്രൈവർ ഗിരീശൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/400307897667913/