രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്നുച്ചയ്ക്ക്12 ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.ഭാര്യ മെലാന ,മകൾ ഇവാൻക,മരുമകൻ ജറേഡ്കൂഷ്‌നർ,ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിൻ കോമേഴ്‌സ് സെക്രട്ടറി വിൽബർ റോസ് തുടങ്ങിയവർ ട്രംപിനൊപ്പമുണ്ടാവും.അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. സബർമതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരമർപ്പിക്കും. 12.30 മോട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി. വൈകിട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. തിങ്കളാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീർ വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും. തുടർന്ന് സംയുക്തവാർത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളിൽ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്. രാത്രി രാഷ്ട്രപതിഭവനിലെ വിരുന്നിൽ പങ്കെടുത്തശേഷം ട്രംപ് മടങ്ങും