തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. കല്ലറ, പാങ്ങോട് പുലിപ്പാറ പരയ്ക്കാടിനു സമീപം ഷിബുവിന്റെ മൃതദേഹമാണ് കഴിഞ്ഞയാഴ്ച വീട്ടിനുള്ളിൽ കട്ടിലിനോട് ചേർന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ഇയാൾ.
സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്റെ സുഹൃത്ത് പാങ്ങോട് ചന്തക്കുന്ന് നൗഫിയ മൻസിലിൽ നവാസ് (40) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് തൊഴിലുറപ്പ് തൊഴിലാളികൾ മനുഷ്യന്റെ കാൽ തെരുവ് നായ്ക്കൾ കടിച്ചു കൊണ്ടു പോകുന്നത് കണ്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ; ഷിബുവും നവാസും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. ഇതിനിടെ പത്തനാപുരത്ത് വച്ച് ഷിബു നവാസിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് വിവിധ കേസുകളിൽപ്പെട്ട് ജയിലിലായ ഷിബു രണ്ടു മാസം മുൻപാണ് പുറത്തിറങ്ങിയത്. വീണ്ടും നവാസുമായി സൗഹൃദത്തിലായി. കഴിഞ്ഞ ഞായറാഴ്ച ഇരുവരും ജോലിക്ക് പോയ മടങ്ങി വരവെ മദ്യവുമായി ഷിബുവിന്റെ വീട്ടിലെത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിൽ ഷിബു നവാസിനെ പട്ടിക കൊണ്ട് മർദിച്ചു. തുടർന്ന് നവാസ് അതേ പട്ടിക കൈക്കലാക്കി ഷിബുവിന്റെ തലയ്ക്കടിച്ചു വീഴ്ത്തി. തുടർന്ന് വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി.
മൃതദേഹത്തിന് മുകളിൽ ടാർപ്പോളിനും തുണിയും കൂട്ടിയിട്ട് പ്ലാസ്റ്റിക് കട്ടിൽ കമിഴ്ത്തിയിട്ട് അതിന് മുകളിൽ മദ്യം ഒഴിച്ചു കത്തിച്ചു. അന്വേഷണത്തിനിടെ സംഭവ ദിവസം നവാസും ഷിബുവും പാങ്ങോട് ജംഗ്ഷനിൽ വച്ചും വഴക്കിട്ടിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇവർ ഞായറാഴ്ച ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതു സംബന്ധിച്ച് നാട്ടുകാരുടെയും ഓട്ടോറിക്ഷ ഡ്രൈവറുടെയും മൊഴിയും ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നവാസിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. പത്ത് വർഷം മുൻപ് മന്നാനിയ കോളേജിന് സമീപം യുവതിയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രതിയാണ് നവാസ്.
ജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, സി.ഐ എൻ.സുനിഷ്, എസ്.ഐ ജെ.അജയൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
VT CRIME SCENE | കഴിഞ്ഞ ആഴ്ചയിലെ പ്രധാന കുറ്റകൃത്യങ്ങൾ
https://www.facebook.com/varthatrivandrumonline/videos/680820475899127/