കൂടത്തായി കൊലപാതക പരമ്പരയിൽ അവസാനത്തെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു. പൊന്നാമറ്റം വീട്ടിൽ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണസംഘം ഇന്നലെ രാവിലെ താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക പരമ്പരയിലെ ആദ്യത്തെ കേസാണിത്. ഇതോടെ ആറ് കൊലപാതകങ്ങളിലും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘങ്ങൾക്ക് കഴിഞ്ഞു.1061 പേജുള്ള കുറ്റപത്രത്തിൽ 79 രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 129 സാക്ഷികളുണ്ട് കേസിൽ.നായ്ക്കളെ കൊല്ലാൻ ഉപയോഗിക്കുന്ന ‘ഡോഗ് കിൽ’ എന്ന മാരകവിഷം ആട്ടിൻസൂപ്പിൽ കലർത്തി നൽകിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി റൂറൽ എസ്.പി കെ.ജി. സൈമൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2002 ആഗസ്റ്റ് 22ന് രാവിലെയായിരുന്നു സംഭവം. പതിവായി ആട്ടിൻ സൂപ്പ് കഴിക്കുമായിരുന്നു ഇവർ. വിഷത്തിന്റെ ഗന്ധം അറിയാതിരിക്കാൻ സൂപ്പിൽ തലേന്ന് തന്നെ വിഷം കലർത്തിയിരുന്നു.
പ്രീഡിഗ്രി വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും എം.കോം പാസായതാണെന്നാണ് വിവാഹസമയത്ത് ജോളി ഭർത്താവിന്റെ അമ്മയോട് പറഞ്ഞിരുന്നത്. ബി എഡ് കഴിഞ്ഞാൽ അദ്ധ്യാപികയായി ജോലി ലഭിക്കുമെന്ന് ഉപദേശിച്ച അന്നമ്മ ജോളിയെ അതിനായി നിരന്തരം നിർബന്ധിച്ചു. അന്നമ്മയെ കബളിപ്പിക്കാൻ പാലായിൽ ബി എഡിന് ചേർന്നതായി പറഞ്ഞ് ജോളി അവിടെ താമസിച്ചു. കള്ളി വെളിച്ചത്താവുമോ എന്ന ഘട്ടത്തിൽ അന്നമ്മയെ വക വരുത്താൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ നിയന്ത്രണം തനിക്ക് കിട്ടുമെന്ന ചിന്തയും കൊലപാതകത്തിന് പ്രേരണയായി. ഈ കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടന്നിരുന്നുവെങ്കിൽ മറ്റു അഞ്ച് കൊലപാതകങ്ങളും ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.രോഗം ബാധിച്ച നായയെ കൊല്ലാനെന്ന് പറഞ്ഞ് ‘ഡോഗ് കിൽ’ വാങ്ങാൻ കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ നിന്ന് ജോളി കുറിപ്പടി വാങ്ങുകയായിരുന്നു. ദേവി എന്ന പേരു നല്‍കിയാണ് ജോളി വെറ്ററിനറി ഡോക്ടറിൽ നിന്ന് മരുന്ന് കുറിപ്പടി കൈപ്പറ്റിയത്. ഈ രേഖയാണ് കേസിലെ പ്രധാന തെളിവ്.