വർക്കല: വർക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് 2 പ്രതികൾ രക്ഷപ്പെട്ടു. നിരവധി മോഷണ കേസുകളിലെ പ്രതി മാക്കാൻ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു ഇന്നലെ രാത്രി 8 മണിക്ക് വർക്കലയിലെ എസ് ആർ മെഡിക്കൽ കോളേജിൽ ഉള്ള കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു. ഇയാൾക്ക് പുറമേ തീവെട്ടി ബാബു എന്ന് അറിയപ്പെടുന്ന ബാബു ഇന്ന് പുലർച്ചെ ഇതേ കേന്ദ്രത്തിൽനിന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
ഇരുവരും നിരവധി മോഷണക്കേസ്സുകളിലെ പ്രതികളാണ് . കഴിഞ്ഞ മാസവും ഇവിടെ നിന്നും പോലീസ് പിടികൂടിയ രണ്ട് പ്രതികൾ രക്ഷപ്പെട്ടിരുന്നു. ജയിലധികൃതരുടെ നിയന്ത്രണത്തിൽ ഉള്ള കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ വേണ്ട സുരക്ഷയില്ലാത്തതാണ് പ്രതികൾ ചാടി പോകാൻ കാരണം എന്ന് പരക്കെ ആക്ഷേപമുണ്ട്.