വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ അകറ്റിയെന്ന് ബ്രിട്ടീഷ് പൗരൻ. ചൈനയിലെ വുഹാനിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കോനർ റീഡെന്ന വ്യക്തിയാണ് പുതിയ അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടുമാസം മുമ്പ് കടുത്ത ചുമയും ന്യൂമോണിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഇയാൾക്ക് പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. താൻ രക്ഷപ്പെടില്ലെന്നാണ് കരുതിയതെന്ന് കോനർ ഒരു വിദേശ മാദ്ധ്യമത്തോട് പറഞ്ഞു.
രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നെന്നും, താൻ ആൻറി ബയോട്ടിക്കുകൾ നിരസിച്ചിരുന്നെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ‘ശ്വാസ തടസമുണ്ടായപ്പോൾ ഇൻഹേലറിനെ ആശ്രയിച്ചു.കൂടാതെ വിസ്കിയിൽ തേൻ ചേർത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയത്’- കോനർ പറയുന്നു.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്