കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ജി.ആർ.സി വാരാചരണം കിളിമാനൂർ രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി അദ്ധ്യക്ഷയായ ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ പ്രവിത സ്വാഗതം പറഞ്ഞു. ബാലികാദിനം, മാനസിക ആരോഗ്യ ദിനം, ഗ്രാമീണ വനിതാ ദിനം എന്നിവയും ആചരിച്ചു. സ്നേഹിത കോളിംഗ് ബെൽ ഗുണഭോക്താക്കളെ ആദരിച്ചു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമവും, നിയമവും എന്ന വിഷയത്തിൽ കിളിമാനൂർ പൊലീസ് സബ് ഇൻസ്പക്ടർ എസ്.അഷറഫും, സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ അടയമൺ പി.എച്ച്.സി മെഡിക്കൽ ആഫീസർ ഡോ. ഷീജയും, സ്ത്രീയും നിയമവും എന്ന വിഷയത്തിൽ അഡ്വ. ശ്രീജയും ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വം നൽകുന്ന മാട്രിമോണിയ പദ്ധതിക്കും ഗ്രാമപഞ്ചായത്ത് തലത്തിൽ തുടക്കമായി. കുടുംബശ്രീ മാട്രിമോണിയപദ്ധതിയെ കുറിച്ച് ജില്ലാ കോർഡിനേറ്റർ ശ്രീലേഖ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്.സുജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.എൽ.അജീഷ്, കെ.എസ്.ഷിബു, എ.എസ്.നിഷ, കമ്മ്യൂണിറ്റി കൗൺസിലർ ബിന്ദുപ്രഭ, അസിസ്റ്റന്റ് സെക്രട്ടറി കനകമണി എന്നിവർ സംസാരിച്ചു.