ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 106 ആയി. 4193-പേരില്‍ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ ഇന്ന് രാവിലെ അറിയിച്ചു. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം, ലോകം കൊറോണക്കെതിരെ അതിജാഗ്രതയിൽ തുടരുമ്പോഴും വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചതായാണ് വിവരം. ശ്രീലങ്കയിലും കംബോഡിയയിലും കാനഡയിലുമാണ് വൈറസ് ബാധ ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ചത്.
ഇതുവരെ മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ദ്ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്. രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും കർശന മുൻകരുതൽ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതിൽ 281 പേർ വീട്ടിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പരിശോധനാഫലങ്ങളിലൊന്നും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ രണ്ട് പേർക്ക് എച്ച് വൺ, എൻ വൺ ബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായവരുടെ രക്തസാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.