ബേക്കറി കടയുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്ന സംഘത്തിലെ രണ്ടാം പ്രതി പിടിയിൽ. പിടിയിലായത് കടക്കാവൂരിലെ കൊടിമരം തകർത്ത സംഘത്തിലെ മുഖ്യ പ്രതി. പൂജാരിമാരുടെ വീടുകളിൽ കയറി അക്രമം കാണിച്ചതും ഈ സംഘമാണ്.
കടയ്ക്കാവൂർ കുടവൂർകോണം ജംഗ്ഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും നശിപ്പിച്ച് പ്രദേശത്ത് കഴിഞ്ഞ 3 ദിവസം സംഘർഷാവസ്ഥ സൃഷ്‌ടിച്ച സംഘത്തിലെ രണ്ടാം പ്രതി തൊപ്പിച്ചന്തയിൽ ബേക്കറി കട നടത്തുന്ന നൗഷാദിനെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലും പ്രതിയാണ്. കീഴാറ്റിങ്ങൽ വില്ലേജിൽ പെരുംകുളം ഇടക്കോട് കോളനിയിൽ കാട്ടുവിള വീട്ടിൽ രാജുവിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന ശരത് (19 ) ആണ് പിടിയിലായത് .നാലംഗ സംഘമാണ് കഴിഞ്ഞ 3 ദിവസങ്ങളിൽ കല്ലൂർക്കോണം തൊപ്പിചന്ത ഭാഗങ്ങളിൽ അക്രമം അഴിച്ചുവിട്ടത്. പൂജാരിമാർ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയതും ജനൽപാളികൾ ചുറ്റികകൊണ്ട് അടിച്ചു തകർത്തതും ഈ സംഘം തന്നെയാണ്.
മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ആറ്റിങ്ങൽ DYSP S.Y സുരേഷിന്റെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ C.I R. ശിവകുമാർ, S.I വിനോദ് വിക്രമാദിത്യൻ, SCPO ജ്യോതിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.