കിളിമാനൂര്‍ കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശിയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുമ്മിൾ സ്വദേശി കുമ്മിള്‍ ഈട്ടിമൂട് അശ്വതി ഭവനില്‍ അരുണ്‍ എസ്. നായര്‍ (കണ്ണന്‍, 27) അറസ്റ്റിലായി. വീട്ടമ്മ കഴിഞ്ഞ ആഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഇവരും അരുൺ എസ് നായരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും ഇവർ തമ്മിൽ ശാരീരികബന്ധമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. യുവതിയുടെ ആത്മഹത്യ കുറിപ്പിൽനിന്നാണ് ഇവർ തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും പൊലീസ് മനസിലാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
ഒരുവര്‍ഷം മുമ്പ് യുവതിയും പ്രതിയും പ്രദേശവാസികളും ചേര്‍ന്ന് തമിഴ്നാട്ടിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കന്യാകുമാരിയിലെ ഹോട്ടൽ മുറിയിൽവെച്ച് യുവതിയെ പ്രതി പീഡിപ്പിച്ചു. മറ്റൊരു പെൺകുട്ടിയുമായി അരുൺ എസ് നായർ വിവാഹനിശ്ചയം നടത്തിയതിന്‍റെ രണ്ടാം ദിവസമാണ് യുവതി ആത്മഹത്യ ചെയ്തത്.
ആട്ടോറിക്ഷയില്‍ പാല്‍ വീടുകളില്‍ വിതരണം ചെയ്തുവരികയായിരുന്നു യുവാവ്. അതിനിടെയാണ് വീട്ടമ്മയുമായി അടുപ്പത്തിലായത്. യുവതിയുടെ മരണശേഷവും യുവാവ് യുവതിയുടെ വീട്ടിൽ എത്തുകയും മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണം തന്നെ കേന്ദ്രീകരിക്കുന്നത് മനസിലാക്കിയതോടെ എറണാകുളത്തു ഒളിവിൽ പോയിരുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദ്ദേശാനുസരണം കിളിമാനൂര്‍ എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാര്‍ എസ്.ഐ പ്രൈജു സുരേഷ്കുമാര്‍, റാഫി, സി.പി.ഒ പ്രദീപ്, സന്തോഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.