ദി ലാസ്റ്റ് ലാന്‍ഡ്
(കഥ/സുനിൽ കൊടുവഴന്നൂർ)
വെന്തുരുകിയ കടലിനരികെ സാവോണ്‍ ഉറങ്ങിക്കിടന്നു. ലഘന്‍ അവനായി ദാഹജലം തേടി പോയതായിരുന്നു. പൊള്ളിയ മണലിന്റെ അടരുകള്‍ അന്നമെന്നതു പോലെ സോവന്റെ വിശന്ന നാവില്‍ പറ്റിക്കിടന്നു. നടന്നു ക്ഷീണിച്ചിരുന്ന അവന്റെ കാലുകളില്‍ ഇടയ്ക്കിടെ തിര തൊട്ടു. കരയുടെ ഗര്‍ഭത്തില്‍ നിന്നെത്തിയ അജ്ഞാതനായ ഒരു കടല്‍ജീവി തിരയിലേക്കൂളിയിട്ടതും നനഞ്ഞു തോര്‍ത്തി തിരികെ മടങ്ങിയതും അവനറിഞ്ഞിരുന്നില്ല. പൊള്ളിയടര്‍ന്ന കാല്‍പാദത്തിലും വ്രണം കയറിയ ചെവിപ്പുറത്തും അത് മണത്തപ്പോഴും പിന്നെ കൈവിരലുകളിലൂടെ ഊര്‍ന്നു കയറിയയപ്പോഴും അവന്‍ നിദ്രയിലായിരുന്നു.
അരേ സാവോണ്‍ ഇവിടെ വാ … ഭക്ഷണം കഴിക്ക്. എത്ര പറഞ്ഞാലും കേള്‍ക്കില്ല.. ചാണകവറളി പൂശിയ അടുക്കള ചുവരുകള്‍ക്കിടയിലെ അടുപ്പിനും മുകളിലെ ഇരുമ്പ് പാത്രത്തില്‍ ചുട്ട ചപ്പാത്തി മറിച്ചിട്ട് ഇനിയും സാവോണിനെ കാണാത്ത അരിശത്തില്‍ അമ്മ ദേഷ്യപ്പെട്ടു വിളിച്ചു.
അടുത്തുള്ള മലയടി വാരത്തില്‍ നിന്നും വിറകെടുക്കാന്‍ പോയതായിരുന്നു സാവോണും ലഘനും. ലഘന്‍ എവിടെ നിന്നോ ബാല്യത്തില്‍ ഈ ഗ്രാമത്തിലും പിന്നെ വീട്ടിലും എത്തിയതാണ്. വിറക് കൊണ്ടു വന്നാല്‍ പിന്നെ അടുത്തുള്ള പാടത്തിനരികെയുള്ള പുഴയില്‍ മീന്‍ പിടിക്കുകയാണ് അവരുടെ രസം. മീന്‍ അമ്മ കഴിക്കില്ലെങ്കിലും തനിക്ക് അത് തരുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ആശ്വാസമാണ് സാവോണിനെ എന്നും ലഘനെയും കൂട്ടി ഈ നദിക്കരയിലെത്താന്‍ പ്രേരിപ്പിക്കുന്നത്. കളിച്ചു നടക്കാന്‍ ഇവര്‍ക്കും സാവോണിന്റെ അമ്മ സാവിത്രിക്കും നേരമില്ല. സാവിത്രി എന്നും പുലര്‍ച്ചെ ഈ ഇറോള്‍ ഗ്രാമത്തില്‍ നിന്നും നിത്യവും നഗരത്തിലേക്ക് പുറപ്പെടുന്നു. പാരമ്പര്യമായി കിട്ടിയ ഏകതാരയുമായി തെരുവുകള്‍ ചുറ്റും. കാളിയുടെയും നിറങ്ങളില്‍ നീരാടിയ ദേവന്‍മാരെയും പ്രകര്‍ത്തിച്ച് പാടും. മന്ത്രസ്ഥായിയില്‍ നിന്നും താരസ്ഥായിയിലേക്ക് കയറിസ്വരങ്ങള്‍ മുറുകിയമരുമ്പോള്‍ മുന്നില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാകും അവശേഷിക്കുക. ചിലപ്പോള്‍ ചില നാണയത്തുട്ടുകള്‍,ഭക്ഷണങ്ങള്‍. നാണയം മടിശീലയിലേക്കും ഭക്ഷണം സാവോണിനായി സഞ്ചിയിലും സൂക്ഷിച്ച് ഇരുള്‍ വീഴുമ്പോള്‍ അവര്‍ ഇറോളിലേക്ക് മടങ്ങും. ചണക്കട്ടിലില്‍ കിടന്ന് വാർദ്ധക്യം ബാധിച്ച തൊണ്ടയില്‍ ഉപ്പുവെള്ളം നിറച്ച് അല്പം ക്ഷീണം മാറ്റിയ ശേഷം സാവോണിനായി അടുപ്പിന്റെ ദ്രുതകാലത്തേക്ക് കുനിയും. സാവോണ്‍ എന്നാല്‍ ഒരു മഴക്കാലത്തിന്റെ പേരാണ്. വിവാഹ കാലത്തിന്റെ ഓര്‍മ്മയ്ക്ക് ആ ഉണ്ണിക്ക് കാതില്‍ സാവോണ്‍ എന്ന പേരിന്റെ തുള്ളി നിറച്ചു. മേഘന്‍ എന്നായിരുന്നു സാവോണിന്റെ അച്ഛന്റെ പേര്.ബംഗാളിന്റെ വിപ്ലവ മണ്ണില്‍ പാടങ്ങള്‍ കൈവശം വച്ച ജന്മിമാരുമായുള്ള സമര സംഘര്‍ഷത്തിനിടയില്‍ അയാള്‍ കൊല്ലപ്പെട്ട് മേഘരൂപനായി മറഞ്ഞു. സാവോണും സാവിത്രിയും ഒറ്റപ്പെട്ടു.
ലഘനാണ് പറഞ്ഞത് ഒരിക്കല്‍… ഈ നാട് വിടണം, ചുവന്നനിറമുള്ള മണ്ണുണ്ട് അകലെയൊരിടത്ത്. സമരങ്ങളിലൂടെ മണ്ണ് നേടിയെടുത്ത നല്ല മനുഷ്യരും തൊഴിലുമുള്ള നാട്. തെക്കാണ്. അയല്‍ ഗ്രാമങ്ങളിലുള്ള പലരും അവിടെയെത്തി. നമുക്കും പോകണം. ഈ ഇരുണ്ട ഭൂമിയില്‍ നിന്നും, കര കയറണം ചെളിപുരണ്ട ജീവിതത്തില്‍ നിന്നും. ആദം എന്നസുഹൃത്തു വഴി അവര്‍ ഒരു വേനല്‍കാലത്ത് കേരളത്തിലെത്തി. ലഘന്‍ സാവോണിനരികിലേക്ക് കയ്യില്‍കരുതിയ ദാഹജലവുമായി എത്തി. സാവോണ്‍ കണ്ണു തുറക്കൂ…സാവോണ്‍ അപ്പോഴും ആഴങ്ങളിലായിരുന്നു.സുഖ നിദ്ര.
സാവോണിന്റെ ചെവിടിലേക്ക് പറന്നിറങ്ങിയ ഈച്ചയെ ലഘന്‍ ആട്ടി. അവന് മൂടാന്‍ എന്തെങ്കിലും തിരഞ്ഞിറങ്ങി ലഘന്‍. ഏത്‌നാടും ഒരു പോലെയാണ്. മനുഷ്യരും. ഹോട്ടലില്‍ പണിയെടുക്കുന്നതിനിടെ ഇറച്ചിപ്പാത്രം തറയില്‍വീണതിന് മുതലാളി ഇരുമ്പ് തവിയെടുത്ത് ചെകിടത്തടിച്ചതാണ്. രക്തം തിളച്ചുവെങ്കിലും മാ, പാര്‍വ്വതി, മകള്‍ മധു ചാണകത്തറയില്‍നിന്നും ചുടുകട്ടയിലേക്ക് മാറുന്ന വീട്..പാടില്ല അടിമകളാണ്. ചില കാണാപ്പാടുകള്‍ കാലുകളിലുണ്ട്. അവിടെ ജന്മികള്‍. ഇവിടെ.. ഇവിടെ. നടന്നു നടന്ന് ലഘന്‍ കുറെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെത്തി. മണ്ണിനടിയില്‍ പുതഞ്ഞ് തുരുമ്പെടുത്ത് കിടക്കുന്ന റെയില്‍പാാളങ്ങള്‍, തകര്‍ന്നടിഞ്ഞ കൂറ്റന്‍ ചുവരുകള്‍, യാനങ്ങള്‍,ഈ സ്ഥലം അതല്ലെ.. ആ തമിഴ് തീരം. ലഘന്‍ നടുങ്ങി. ഒരിക്കല്‍ മധുരയിലേക്കും അവിടെ നിന്നും രാമേശ്വരത്തേക്കും ലോറിയില്‍ സാധനമെടുക്കാന്‍ ലോറിക്കാരനൊപ്പം സഞ്ചരിക്കുന്നതിനിടെ ഇവിടെ വന്നിട്ടുണ്ട്. ലോറിക്കാരന് ഈ സ്ഥലം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവത്രെ. കാറ്റെടുത്ത കടല്‍നഗരം. ദി ലാസ്റ്റ് ലാന്‍ഡ് ഓഫ് ഇന്‍ഡ്യ എന്ന് ഉരുവിട്ട് പറഞ്ഞു തന്നതാരാണ്. ലോറിക്കാരനല്ല അല്ല സോഡ കുടിക്കാന്‍ കയറിയപ്പോള്‍ കടക്കാരനാണ് പറഞ്ഞത്. അവസാനത്തെ തീരം. മണ്ണ്… ഇത് സാധനങ്ങളെടുക്കാനുളള, അല്പമായെങ്കിലും ആഹ്ലാദം സൃഷ്ടിച്ച യാത്രയായിരുന്നില്ല. ഭയത്തിന് മേല്‍ ഭയമായിരുന്നു ലഘനും സാവോണിനും ഓരോ നിമിഷവും. നാട്ടിലെത്തിയേ പറ്റൂ… പകര്‍ച്ചവ്യാധിയുടെ ആകുലതകള്‍ എല്ലായിടത്തുമുണ്ട്കേ ട്ടതനുസരിച്ചാണെങ്കില്‍ വരുന്നത് വറുതിയാണ്. കരുതിയതെല്ലാം കയ്യിലെടുത്തു. പിറവിയെടുത്ത ശേഷം ഇനിയും കാണാത്ത മകള്‍ മധുവിന് പിറന്നാള്‍ സമ്മാനമായി കുഞ്ഞുടുപ്പുകൊടുക്കണം. അമ്മയുടെ ബാവുല്‍ ഗാനം ചൂടിയതൊണ്ട അര്‍ബുദത്തിനടിപ്പെട്ട് വാടിപ്പഴുത്ത് വ്രണമായി തുടങ്ങിയിരുന്നുവെന്നും അമ്മയ്ക്ക് അവസാനമായി കാണണമെന്ന് ആഗ്രഹിച്ച് നിത്യവും കരയുന്നുവെന്നും പാര്‍വ്വതി അറിയിച്ചു. നമുക്ക് എങ്ങാനും രോഗം പിടിപെട്ടാല്‍ എല്ലാം തുലയും.
ലഘന്‍ നമുക്ക് പോണം..എങ്ങനെയും. സാവോണ്‍ ആരും പുറത്തിറങ്ങാന്‍ പാടില്ല. വാഹനങ്ങളില്ല.. പിന്നെങ്ങനെ മാ..മാ സാവോണ്‍ ഏങ്ങി. സങ്കടം വരുമ്പോള്‍ അവന്‍ അങ്ങനെയാണ്. ഒച്ചയില്ല. പക്ഷെ അതിന്റെ ആഴം ലഘനറിയാം. കുട്ടിക്കാലം മുതല്‍ അവന്‍ അത് കണ്ടു ശീലിച്ചതാണ്. കഴിഞ്ഞ തവണ പോയി വന്നപ്പോള്‍ കൊണ്ടു വന്ന ഒരു ഏകതാരയും ഇറങ്ങുമ്പോള്‍ സാവോണ്‍ സഞ്ചിയില്‍ സൂക്ഷിച്ചു. ട്രെയിനുണ്ടാകുമെന്ന് കരുതി ഇല്ല എന്ന് മനസിലാക്കിയപ്പോള്‍ പൊള്ളിക്കിടന്ന ഇരുമ്പ് പാളികളെ ചവിട്ടിപ്പിന്നിട്ട് അടര്‍ന്നു വിണ്ടു കീറിത്തുടങ്ങിയ പദങ്ങളോടെ അവര്‍ നടന്നു. തളര്‍ന്ന് പാളത്തിലിരിക്കുന്നതിനിടെ പോലീസ് വിസിലിന്റെ മുഴക്കം കേട്ട് അവര്‍ ഓടി കുറ്റിക്കാട്ടിലൊളിച്ചു. അര്‍ധ രാത്രിയില്‍ ഒരു റോഡരികില്‍ കിടന്ന പെട്രോള്‍ കൊണ്ടു പോകുന്നതിനിടെ നിര്‍ത്തിയിട്ട ലോറിയില്‍ അള്ളിപ്പിടിച്ച് കയറിയിരുന്നു. ബംഗാള്‍ രജിസ്‌ട്രേഷനിലുളള വാഹനം ഉറപ്പായും ബംഗാളിലെത്തും. സാവോണ്‍ നമ്മള്‍ രക്ഷപെട്ടു. അമ്മയെ കാണാനാകുമെന്ന ആഹ്ലാദത്തിൽ സാവോണ്‍ പുഞ്ചിരിച്ചു.
കള്ളന്‍മാരാണ് നിങ്ങള്‍..പുലര്‍ച്ചെ ഡ്രൈവര്‍ ഇരുമ്പ് വടിയെടുത്ത് ആക്രമിക്കാനൊരുങ്ങി. പോലീസിനെ വിളിക്കാന്‍ ഫോണെടുത്തപ്പോള്‍ ലഘനും സാവോണും വീണ്ടും പാലായനം തുടങ്ങി. ദൂരെ തിരയുടെ ശബ്ദം. കൂട്ടുകാരന് പുതയ്ക്കാന്‍ കീറച്ചാക്ക് പോലും കിട്ടാതെ ലഘന്‍ സാവോണിലേക്ക് മടങ്ങി. ഇത് ബംഗാള്‍ ഉള്‍ക്കടലും അത് ഇന്ത്യന്‍ മഹാ സമുദ്രവുമാണ്. ആണ്‍കടല്‍ എന്നും പെണ്‍കടലെന്നും വിളിപ്പേരുകളുള്ള സാഗരങ്ങള്‍. അയാള്‍ കടക്കാരന്റെ വാക്കുകള്‍ പിന്നെയും ഓര്‍ത്തു. ലഘന്‍ നമുക്ക് നീന്തിയാലോ. സാവോണിന്റെ ചോദ്യത്തില്‍ ആദ്യം അമ്പരന്നുവെങ്കിലും ബംഗാള്‍ കടലില്‍നീന്തിയാല്‍ ബംഗാളിലെത്തുമെന്ന് സ്വയം സൃഷ്ടിച്ച അറിവില്‍ ലഘന്‍ ഇക്കാര്യത്തിലും സാവോണിനൊപ്പം നിന്നു. നഗരത്തിലെ തെരുവില്‍ പാടാനെത്തിയപ്പോള്‍ ആ പാതയ്ക്കരികിലെ ഇരുനില വീടിന്റെ മുന്നില്‍ ഇരക്കാനെത്തിയതായിരുന്നു താന്‍.അവിടെ നിന്നാണ് സാവിത്രി മാ തന്നെ ഇറോളിലെ വീട്ടിലെത്തിച്ച് സാവോണിനൊപ്പം വളര്‍ത്താന്‍ തുടങ്ങിയത്. തനിക്കും സാവിത്രി അമ്മയാണിപ്പോള്‍ .അവസാനമായി അവരെ കാണണം. സ്‌നേഹം പൊതികളായും വസ്തുക്കളായും പൊതിഞ്ഞുകെട്ടിയ സഞ്ചി മുതുകില്‍ കെട്ടി ഇരുവരും മുങ്ങാങ്കുഴിയിട്ടു. ദൂരെ കണ്ട വെളിച്ചം കരയാണെന്ന് പറയാന്‍ തുടങ്ങുംമുന്‍പെ ആഴത്തില്‍ നിന്ന് അലറി ഒരു തിരവന്ന് സാവോണിനെ തെറിപ്പിച്ചു. ലഘനും നില തെറ്റി.
പിറ്റേന്ന് പകലില്‍ ലഘനാണ് ആദ്യം കര പറ്റിയത്. പിന്നെ സാവോണിനെ തിര കൊണ്ടു വരികയായിരുന്നു. ലഘന്‍ സാവോണിനായി കരുതിയ വെള്ളം ദൂരെയെറിഞ്ഞു.കടല്‍ മങ്ങുകയാണ്.സാവോണിനെ തൊടുവാനോങ്ങിയ ജീവികളെഅവന്‍ ജന്മികളെയെന്ന പോലെ ഇതുവരെയില്ലാത്ത ശൗര്യത്തോടെ പായിച്ചു. വ്രണപ്പെട്ട കാതുകളില്‍ ചുണ്ട് ചേര്‍ത്ത് അവന്‍ വിളിച്ചു. സാവോണ്‍ എണീക്ക്…ഇത് ഞാനാണ് ലഘന്‍. ഏതെങ്കിലും കര പറ്റിയാല്‍ എന്തെങ്കിലും കഴിക്കണമെന്നാണ് അവന്‍ അവസാനമായി പറഞ്ഞിരുന്നത്.സാവോണ്‍ നിനക്ക് തരാന്‍ കയ്യിലൊന്നുമില്ല .നമ്മള്‍ അടിമകളാണ് എന്നും. അലയാന്‍ വിധിക്കപ്പെട്ടവര്‍.. ലഘന്‍ ആദ്യമായി നിലവിളിച്ചു.
ചലനമറ്റ് കിടന്ന സാവോണിനെ തിരികെ കിടത്തി. ഭാണ്ഡങ്ങളൊക്കെയും അഴിച്ചെടുത്തു. സഞ്ചിയുടെ ബന്ധനമഴിഞ്ഞ് ഒരു കുഞ്ഞുടുപ്പ് താഴെവീണു. നല്ല ചുവന്നകുപ്പായം. ഇറോള്‍ ഗ്രാമത്തില്‍ പാറിക്കണ്ട പാര്‍ട്ടിപതാക അയാള്‍ ഓര്‍ത്തു. ഏകതാര ജലക്കലിയിലും തകരാത്ത തന്ത്രികളുമായി ഉടമയെ കാത്ത് ഉണര്‍ന്നിരിക്കുന്നു.
സാവോണ്‍ ഞാനിനി…… കടല്‍ ജീവിതം പോലെ കറുത്തു. ഈ ഗ്രാമത്തെ പണ്ടെങ്ങോ കുടഞ്ഞെറിഞ്ഞ തിര അതുപോലൊരു കരുത്തുമായി കുതിച്ചു തുങ്ങിയപ്പോഴും ലഘന്‍ കടല്‍ ജീവികള്‍ക്കും പ്രാണികള്‍ക്കും തൊടാനാകാത്ത വിധത്തില്‍ സാവോണിനെ തലോടിക്കൊണ്ടിരുന്നു. അലകളിതാ അടുത്താണിപ്പോള്‍. പക്ഷേ ഇത്തവണ ആ ജല പ്രവാഹങ്ങള്‍ക്ക് ഏതോ തീര്‍ത്ഥ ഗന്ധമായിരുന്നു. ആ കണ്ണുകള്‍ വല്ലാതെ തുളുമ്പിയിരുന്നു.