മുംബയ്: 2000 രൂപ നോട്ടിന് ഇപ്പോഴും നിയമപരമായി സാധുതയുണ്ടെന്നും വാണിജ്യസ്ഥാപനങ്ങളിൽ അവ നിരസിക്കാൻ കഴിയില്ലെന്നും അറിയിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ‘2000 രൂപ നോട്ട് പ്രചാരത്തിൽ നിന്നും പിൻവലിക്കുകയാണ്. പക്ഷെ നിയമപരമായി സെപ്തംബർ 30വരെ ഇവ തുടരും’ അദ്ദേഹം അറിയിച്ചു. 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാൻ മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്നും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. റിസർവ് ബാങ്ക് വളരെനാളായി പിന്തുടർന്നുവന്ന ക്ളീൻ നോട്ട് നയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അറിയിച്ച റിസർവ് ബാങ്ക് ഗവർണർ കാലാകാലങ്ങളിൽ റിസർവ് ബാങ്ക് പ്രത്യേക സീരീസ് നോട്ട് പിൻവലിക്കുകയും പകരം പുതിയവ അവതരിപ്പിക്കുകയും ചെയ്യാറുണ്ടെന്നും പറഞ്ഞു.500,1000 നോട്ടുകൾ മുൻപ് പിൻവലിച്ചപ്പോൾ ആ പണത്തിന്റെ മൂല്യം നിറയ്ക്കുന്നതിനാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ 2000 രൂപയുടെ നോട്ടുമാറിയെടുക്കാൻ പ്രത്യേക അപേക്ഷാ ഫോമോ തിരിച്ചറിയിൽ രേഖയോ ആവശ്യമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും (എസ്.ബി.ഐ) അറിയിച്ചിരുന്നു. നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളും ഫോം പൂരിപ്പിച്ച് നൽകണമെന്നും സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി എസ്.ബി.ഐ എത്തിയത്. നോട്ട് മാറ്റിവാങ്ങുന്നതിന് ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല. ഏത് ബാങ്ക് ശാഖയിൽനിന്നും നോട്ടുകൾ മാറ്റിവാങ്ങാമെന്നും ഇതിന് ചാർജുകൾ ഒന്നും നൽകേണ്ടതില്ലെന്നും സൗജന്യമായി നോട്ടുകൾ മാറിയെക്കാമെന്നും എസ്.ബി.ഐ വ്യക്തമാക്കി.