അത്താണിയിൽ ജനമദ്ധ്യത്തിൽ ഗുണ്ടാസംഘത്തലവനായ ബിനോയിയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. നാലുമുതൽ എട്ടുവരെ പ്രതികളായ മേക്കാട് മാളിയേക്കൽ അഖിൽ (25), നിഖിൽ (22), മേക്കാട് മാളിയേക്കൽ അരുൺ (22), പൊയ്ക്കാട്ടുശേരി വേണാട്ടുപറമ്പിൽ ജസ്റ്റിൻ (28), കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് ജിജീഷ് (38) എന്നിവരാണ് പിടിയിലായത്. ഇവരിൽ അഖിലും നിഖിലും സഹോദരങ്ങളാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
അഖിലിനെ ബിനോയിയുടെ സംഘത്തിലുള്ളവർ മർദ്ദിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. ഇതിനായി ഞായറാഴ്ച രാവിലെ അഖിലിന്റെ വീട്ടിൽ പ്രതികളെല്ലാവരും ചേർന്ന് ഗൂഢാലോചന നടത്തി. രാത്രി എട്ടിന് ബിനോയി അത്താണി ഡയാനബാറിന് മുന്നിൽ നിൽക്കുന്നെന്ന വിവരം ലഭിച്ചതോടെ അക്രമിസംഘമെത്തി കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി വിനു വിക്രമൻ, രണ്ടാപ്രതി ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിൻഡേഴ്സ് എന്നിവർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ശക്തിപ്പെടുത്തിയെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു.
ഞായറാഴ്ച രാത്രി 8.15 ഓടെയാണ് നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ ‘ഗില്ലാപ്പി’ എന്ന് വിളിക്കുന്ന ബിനോയിയെ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ സംബന്ധിച്ച തെളിവ് ശേഖരിച്ചത്.