പ്രവാസി മലയാളിപെട്ടത് സുഹൃത്തുക്കൾ ഒരുക്കിയ ചതിക്കുഴിയിൽ. സ്വന്തം കിടപ്പാടം പോലും പണയപ്പെടുത്തിയാണ് മനോജ് (41) ഗൾഫിൽ ഒരു കട തുടങ്ങാനായി തന്റെ പേരിലുള്ള ചെമ്പഴന്തിയിലെ വീടും എട്ടര സെന്റ് ഭൂമിയും സുഹൃത്ത് ദീപൂനായരുടെ പേരിൽ എഴുതി കൊടുത്ത്. പിന്നീട് വൻ സാമ്പത്തിക പ്രതിസന്ധിയിലും ഒമാനിലെ ജയിലിൽ വരെ കഴിയേണ്ടി വന്നു.
മനോജ്ദുബായിൽ കുടുങ്ങി കിടക്കുമ്പോൾ നാട്ടിൽ ബാങ്കുകാർ ജപ്തിനോട്ടിസുമായി എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഭാര്യ ശാലിനിയും കുടുംബവും. 2013ലാണ് സംഭവം നടക്കുന്നത്. ഗൾഫിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന മനോജ്കേരളത്തിലെ ഒരു പ്രമുഖ ടിവി താരത്തിന്റെ സഹോദരനും അയാളുടെ ബന്ധുക്കളുമായി പരിചയപ്പെട്ടു. തുടർന്ന് ഗൾഫിൽ പഴം-പച്ചക്കറി കൂട്ടുകച്ചവടം തുടങ്ങാനായി മനോജിന്റെ പേരിലുള്ള ചെമ്പഴന്തിയിലെ വീടും എട്ടര സെന്റ് ഭൂമിയും സുഹൃത്ത് ദീപൂനായരുടെ പേരിൽ എഴുതി കൊടുക്കുകയായിരുന്നു. ഇതിനായി കരമനയുള്ള ഐ.ഡി.ബി.ഐ യുടെ ബ്രാഞ്ചിൽ നിന്ന് 48 ലക്ഷം രൂപ ലോണെടുക്കാനായിട്ടാണ് ഇങ്ങനെ ചെയ്തത്.
ഒരു മാസത്തിനകം തിരിച്ചെടുത്തു കൊടുക്കാമെന്ന് ദീപുവിൽ നിന്ന് ഉറപ്പു ലഭിച്ചതിനെതുടർന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഉദ്ദേശിച്ച ബിസിനസ് നടത്താനായില്ല. തുടർന്ന് മനോജ് ദുബായിൽ നിന്ന് ഒമാനിലേയ്ക്കു പോയി. അവിടെയും ദീപുവും അയാളുടെ ബന്ധുക്കളുമായെത്തി മനോജിന്റെ സ്പോൺസറായ അറബ് സ്വദേശിയിൽ നിന്നു പത്തു ലക്ഷം വാങ്ങിയെന്നാണ് പൊലീസിൽ പരാതി. മനോജിന്റെ പാസ്പോർട്ട് പണയം വച്ചാണ് പണം വാങ്ങിയത്. പണം കിട്ടയതോടെ ദീപുവും ബന്ധുവും മുങ്ങി. സ്പോൺസർ മനോജിനെതിരെ കേസ് കൊടുക്കുകയും മനോജ് ഒമാനിൽ ജയിലിലാവുകയും ചെയ്തു.