ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള കര്‍മ്മപരിപാടി,സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ‘ആരോഗ്യ ജാഗ്രത’ എന്ന പേരില്‍ വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന ഒരു വാര്‍ഷിക കര്‍മ്മ പരിപാടി 2018, 2019 വര്‍ഷങ്ങളില്‍ സമയബന്ധിതമായും ഊര്‍ജ്ജിതമായും നടപ്പിലാക്കിയിരുന്നു. 2018 ജനുവരി 1 ന് മുഖ്യമന്ത്രി തുടക്കം കുറിച്ച ‘ആരോഗ്യ ജാഗ്രത’യുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഇതര വകുപ്പുകളേയും ഏജന്‍സികളേയും ബഹുജന പ്രസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തി ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. മന്ത്രിമാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. നവകേരള സൃഷ്ടിക്കായുള്ള ആരോഗ്യരംഗത്തെ ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അനുപൂരകമായിട്ടാണ് ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്.

‘ആരോഗ്യ ജാഗ്രത 2020’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരന്‍, കെ. കൃഷ്ണന്‍കുട്ടി, അഡ്വ. കെ. രാജു, എം.പി.മാര്‍, എം.എല്‍.എ.മാര്‍, മേയര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

മുന്‍വര്‍ഷങ്ങളിലെ അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ വര്‍ഷത്തെ ‘ആരോഗ്യ ജാഗ്രത’ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ആര്‍ദ്രം ജനകീയ ക്യാമ്പയിനുമായി ചേര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ മുദ്രാവാക്യം ‘നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്നതാണ്. ഓരോ പൗരനും സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ട ബോധവല്‍ക്കരണം നല്‍കുകയാണു ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനതലം മുതല്‍ വാര്‍ഡ്തലം വരെയുള്ള ആലോചനായോഗങ്ങള്‍, ഇതര വകുപ്പുകളുടെ പ്രവര്‍ത്തന ഏകോപന യോഗങ്ങള്‍, വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ ശാക്തീകരണം, പ്രത്യേക ഗ്രാമസഭകള്‍, ആരോഗ്യ സേനാ രൂപീകരണം, ശുചിത്വമാപ്പിംഗ്, വാര്‍ഡ്തല, പഞ്ചായത്ത്തല കര്‍മ്മപദ്ധതികള്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധ യജ്ഞങ്ങള്‍, പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പരിശോധനകളും തുടര്‍നടപടികളും എന്നിങ്ങനെ ഓരോ പ്രവര്‍ത്തനവും സമയബന്ധിതമായി ഈ വര്‍ഷവും നടപ്പിലാക്കേണ്ടതുണ്ട്.

സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി മലമ്പനി, മന്തുരോഗം, കാല അസര്‍, കുഷ്ഠരോഗം തുടങ്ങിയവ 2020 – 2025 ഓടെ നിവാരണം ചെയ്യുന്നതിനുള്ള നടപടികളും നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. തദ്ദേശീയ മലമ്പനി ഉള്‍പ്പടെയുള്ള മലമ്പനി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറക്കുവാനായി. മലമ്പനി നിര്‍ണയം കാര്യക്ഷമമാക്കുവാന്‍ ലാബ്‌ടെക്‌നീഷ്യന്മാര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി. മന്തുരോഗ നിവാരണത്തിനുള്ള എം.ഡി.എ. ഈ വര്‍ഷം പാലക്കാട് ജില്ലയിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും നടത്തി. മന്തുരോഗ വ്യാപന സാധ്യതാസര്‍വ്വേയും 9 ജില്ലകളിലായി പുരോഗമിച്ചുവരുന്നു. ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ്‌നഴ്‌സുമാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കി മന്തുരോഗാതുരത കുറയ്ക്കുന്നതിനുള്ള പരിപാലന ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തന സജ്ജമാക്കി. കുഷ്ഠരോഗനിവാരണത്തിന്റെ ഭാഗമായി ‘അശ്വമേധം’ എന്ന പേരില്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തി രോഗസാധ്യതയുള്ളവരെ കണ്ടുപിടിച്ച് സൗജന്യ ചികിത്സ നല്‍കി വരുന്നുണ്ട്.

പ്രത്യേക പ്രവര്‍ത്തന കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യത്തെ നിര്‍ണയിക്കുന്ന സാമൂഹിക, പാരിസ്ഥിതിക ഘടങ്ങളെ നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും, ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ആരോഗ്യ വകുപ്പ് ‘ആരോഗ്യ ജാഗ്രത’ നടത്തി വരുന്നത്. താഴെ തട്ടില്‍ വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ ആരോഗ്യ സേന, ഗൃഹ/സ്ഥാപനതല സന്ദര്‍ശനം നടത്തി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും, കാമ്പയിനുകളും നടപ്പിലാക്കുന്നു. മഴക്കാലപൂര്‍വ്വ ശുചീകരണം, കൊതുകു നിരീക്ഷണം, കൊതുകിന്റെ ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള കൊതുകു നിയന്ത്രണം, ജലസ്‌ത്രോതസുകളുടെ ക്ലോറിനേഷന്‍, രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് കാര്യകാരണ വിശകലനം നടത്തി ഊര്‍ജ്ജിത നിയന്ത്രണം, ബോധവത്ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പിലാക്കി വരുന്നത്. ഇതിനാവശ്യമായ ഫണ്ട് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ 25,000 രൂപയും, കോര്‍പ്പറേഷന്‍ 35,000 രൂപയും വാര്‍ഡ്തലത്തില്‍ അനുവദനീയമാണ്.

ആരോഗ്യ ജാഗ്രത ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഫലമായി 2017-നെയും 2018-നെയും അപേക്ഷിച്ച് 2019-ല്‍ വൈറല്‍പനി, മലമ്പനി, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളും അവ മൂലമുള്ള മരണങ്ങളും കുറക്കുവാന്‍ സാധിച്ചു. അതുപോലെ ഡെങ്കിപ്പനിയും, എച്ച്1 എന്‍1 പനിയും അവമൂലമുള്ള മരണവും 2017-നെ അപേക്ഷിച്ച് 2019-ല്‍ കുറക്കുവാനായി. കൂടാതെ 2018 -ല്‍ ഉണ്ടായ നിപ രോഗബാധയും, വെള്ളപ്പൊക്ക ദുരന്തത്തേയും ഫലപ്രദമായി നിയന്ത്രിച്ചു നിര്‍ത്താനും സാധ്യമായി. 2019-ല്‍ നിപ രോഗബാധ ഒരാള്‍ക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതുമൂലം മരണം ഒന്നും സംഭവിച്ചിട്ടില്ലാത്തതുമാണ്. 2019-ലെ വെള്ളപ്പൊക്കാനന്തരമുണ്ടായ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഡോക്‌സിഡേ കാമ്പയിന്‍ ഫലപ്രദമായി നടത്തിയതിന്റെ ഭാഗമായി ഗണ്യമായി കുറക്കുവാന്‍ സാധിച്ചു. 2018-ലും 2019-ലും പകര്‍ച്ചവ്യാധികള്‍ മൂലമുള്ള രോഗബാധയും മരണവും ഗണ്യമായി കുറക്കുവാനായത് ആരോഗ്യ ജാഗ്രതയുടെ നേട്ടമായി കണക്കാക്കാവുന്നതാണ്.

2019 നവംമ്പറില്‍ സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ച ആര്‍ദ്രം ജനകീയ കാമ്പയിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. നവകേരള കര്‍മ്മ പദ്ധതിയിലെ ഹരിതകേരളം മിഷന്‍വഴി മാലിന്യമുക്ത കേരളവും ജല സംരക്ഷണവും കൃഷി വ്യാപനവുമൊക്കെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ശക്തി പകരുന്നതാണ്.

വിവിധ തലങ്ങളില്‍ വിപുലമായ ജന പങ്കാളിത്തത്തോടെ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. ആര്‍ദ്രം കാമ്പയിനിന്റെ അഞ്ചു ഘടകങ്ങളില്‍ ഒന്നാണ് ‘ശുചിത്വവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും’. വ്യക്തിതലത്തിലും കുടുംബതലത്തിലും തൊഴിലിടങ്ങളിലും, പൊതുസ്ഥലങ്ങളിലും വാര്‍ഡ്തല ശുചിത്വസമിതികളുടെ നേതൃത്വത്തിലുമെല്ലാം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതോടെ ഈ വര്‍ഷത്തെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കുറെകൂടി ഫലപ്രദമാക്കാന്‍ നമുക്ക് കഴിയും. 2020 ജനുവരി 1-ഓടെ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കൂടി നടപ്പിലാക്കിയതോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കണക്കാക്കി 2020-ല്‍ ‘ആരോഗ്യജാഗ്രത’ കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തേണ്ടതുണ്ട്. അതിന് ജനപ്രതിനിധികളുടേയും വിവിധവകുപ്പുകളുടേയും ഏജന്‍സികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സന്നദ്ധസംഘടനകളുടേയും പൊതുജനങ്ങളുടേയും അകമഴിഞ്ഞ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. രാജു, ഡോ. മീനാക്ഷി, എന്‍.എച്ച്.എം. എച്ച്.ആര്‍. ആന്റ് അഡ്മിന്‍ മാനേജര്‍ കെ. സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....