തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ ഒന്നാം പ്രതി. സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് ആണ് രണ്ടാം പ്രതി. ഇവർ ഉൾപ്പെടെ അൻപതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.
പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്. നേരത്തേ മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി, തുറമുഖ നിർമാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകളും തുറമുഖ നിർമാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും എടുത്തിരുന്നു. ലഭിക്കുന്ന പരാതികൾ പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.
https://www.facebook.com/100063692000604/posts/pfbid0BsrSKuEsjd81nfJv5Ma1Pohus59fdnPJCo3aPhDkJsfziu6cv8pQXgR79pEvaBcbl/?app=fbl
അതിജീവന സമരത്തെ പ്രകോപിപ്പിച്ചതാണ് സംഘർഷത്തിനു കാരണമെന്ന് യൂജിൻ പെരേര പറഞ്ഞു. ഒരു വിഭാഗം കല്ലെറിയാനും അധിക്ഷേപിക്കാനും തയാറായെന്നും അവർക്ക് സർക്കാർ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് തയാറാണെന്നും എന്നാൽ രേഖമൂലമുള്ള ഉറപ്പുവേണമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിന്റെ 130–ാം ദിവസമായ ഇന്നലെ തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തിയിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളിൽ നിർമാണത്തിനുള്ള പാറക്കല്ലുകൾ എത്തിയതോടെയാണു സംഘർഷത്തിനു തുടക്കമായത്. സംഘർഷത്തിൽ തുറമുഖ വിരുദ്ധ സമരസമിതിയിലെ 16 പേർക്കും അനുകൂല സമര സമിതിയിലെ 4 പേർക്കും പരുക്കേറ്റിരുന്നു.
https://www.facebook.com/varthatrivandrumonline/videos/3264604747085889/?app=fbl
വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിറ്റിയിലും തീരപ്രദേശങ്ങളിലെ സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം. സംഘർഷത്തിന് ചില ശക്തികൾ കോപ്പുകൂട്ടുന്നുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അവധിയിലുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം തിരികെ ജോലിയിൽ പ്രവേശിക്കാനും ഏത് അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്നും നിർദേശമുണ്ട്. രാത്രികാലങ്ങളിൽ പട്രോളിങ് ശക്തമാക്കണം. സംശയകരമായ ആളുകളെയും വാഹനങ്ങളും പരിശോധിക്കണം. തീരപ്രദേശങ്ങളിലടക്കം 24 മണിക്കൂറും ശക്തമായ നിരീക്ഷണമുണ്ടാകണം. വിഴിഞ്ഞത്തിന് പുറമെ, മറ്റു തീരമേഖലകളിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. സമരത്തിന്‍റെ പേരിൽ മുല്ലൂർ നിവാസികളെ ആക്രമിക്കാൻ സമരസമിതിക്ക് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി എട്ടിന് കമീഷണർ ഓഫിസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രശ്നം മതസ്പർധയിലേക്ക് നീങ്ങാതിരിക്കാൻ ശക്തമായ മുൻകരുതലാണ് ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്നത്.
https://www.facebook.com/varthatrivandrumonline/videos/1549510125481247/?app=fbl
എന്നാൽ, വിഴിഞ്ഞം സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. സമരത്തിൽനിന്ന് പിന്നോട്ടില്ല എന്ന ആഹ്വാനവുമായി ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഞായറാഴ്ച സർക്കുലർ വായിക്കും. ഇനിയുള്ള ദിവസങ്ങളിലെ സമരക്രമത്തിന്‍റെ പ്രഖ്യാപനവും ഞായറാഴ്ച ഉണ്ടാകുമെന്നാണ് വിവരം. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. വിഴിഞ്ഞം പദ്ധതി കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്കു തന്നെ ആഘാതം സൃഷ്ടിക്കുമെന്നും സർക്കുലറിൽ പറയുന്നു.