ജില്ലാ അതിർത്തികളിൽ വാഹന പരിശോധന സുശക്തമാക്കുന്നതിന്റെ ഭാഗമായും, ചരക്കുവാഹനങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിലേക്ക് കടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം -കൊല്ലം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം ചെക്പോസ്റ്റിലും, തട്ടത്തുമലയിലും ഇന്നലെ രാത്രി കളക്ടർ മിന്നൽ സന്ദർശനം നടത്തി. വാഹന പരിശോധനയിൽ നേരിട്ട് പങ്കെടുത്തു.
ഹെൽത്ത് സ്ക്രീനിംഗ് സുശക്തമാക്കുവാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. മത്സ്യം കയറ്റിവന്ന ട്രക്കുകൾ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പരിശോധന നടത്തി മത്സ്യങ്ങൾ ഉപയോഗിക്കുവാൻ കഴിയുന്നവയാണെന്നു ഉറപ്പുവരുത്തിയശേഷം വിട്ടുനൽകി.അവശ്യ സാധനങ്ങൾ കയറ്റി വന്ന ട്രക്കുകൾ പരിശോധിക്കുകയും സാധനങ്ങൾ ഭക്ഷ്യ യോഗ്യമാണെന്ന് വിലയിരുത്തിയ ശേഷം തുടർ യാത്ര അനുവദിക്കുകയും ചെയ്തു . അനാവശ്യ യാത്രകൾ നടത്തിയവരെ വാഹനം ഉൾപ്പെടെ പിടികൂടുകയും താക്കീത് നൽകി തിരിച്ചയക്കുകയും ചെയ്തു.ചികിത്സയുമായി ബന്ധപെട്ടു അതിർത്തികടന്നെത്തിയ അന്യജില്ലക്കാരെ വിശദമായ ഹെൽത്ത് സ്‌ക്രീനിങ്ങിനു വിധേയമാക്കുകയും വിവരങ്ങൾ ശേഖരിച്ചശേഷം കടത്തിവിടുകയും ചെയ്തു .അനധികൃത പാസ്സുമായി എത്തിയ യാത്രക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ നിർദ്ദേശം നൽകി..
വർക്കല തഹസിൽദാർ വിനോദ് രാജ്, നെടുമങ്ങാട് തഹസിൽദാർ അനിൽ കുമാർ, മറ്റു റവന്യൂ ഉദ്യോഗസ്ഥർ ,മോട്ടോർ വെഹിക്കിൾ, ഭക്ഷ്യ സുരക്ഷ, ആരോഗ്യവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു..പുലർച്ചെ 2 മണിവരെ പ്രത്യേക പരിശോധന തുടർന്നു..