അട്ടക്കുളം വാർഡിലെ റിട്ട.സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടുവളപ്പിലെ അനധികൃത കച്ചവടം നഗരസഭ പിടിച്ചെടുത്തു

0
2336

ആറ്റിങ്ങൽ: മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വീട്ടുവളപ്പിലെ അനധികൃത കച്ചവടം നഗരസഭ പിടിച്ചെടുത്തു. അട്ടക്കുളം വാർഡിലെ റിട്ട.സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിലെ പറമ്പിലാണ് മത്സ്യവും പച്ചക്കറിയും ഉൾപ്പടെയുള്ള സാധനങ്ങൾ രഹസ്യമായി സൂക്ഷിച്ച് കച്ചവടം നടത്തിയത്. നാട്ടുകാർ ചെയർമാൻ എം.പ്രദീപിനെ വിവരമറിയിച്ചതിനെ തുടർന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.ഇയാൾ തറവാടക വാങ്ങി മതിൽ കെട്ടിനുള്ളിൽ വിപണന സാധനങ്ങൾ രഹസ്യമായി വയ്ക്കാനും ഗേറ്റിനു മുന്നിൽ വിൽപന നടത്താനും കച്ചവടക്കാർക്ക് അനുമതി നൽകിയതായും പ്രാഥമിക ശുചിത്വ മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായെന്ന് ജെ.എച്ച്.ഐ ഹാഷ്‌മി പറഞ്ഞു.

കൊവിഡ് 19 സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് പട്ടണത്തിലെ മാർക്കറ്റുകളും വഴിയോര കച്ചവടങ്ങളും ആഴ്ചകളായി നഗരസഭ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാൾ നീയമ ലംഘനത്തിലൂടെ ഇത്രയും നാൾ കച്ചവടം നടത്തിയിരുന്നത്. ഇയാൾക്കെതിരെ പരമാവധി ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെയർമാൻ അറിയിച്ചു. സി.എൽ.ആർ ജീവനക്കാരായ അജി, ബാബു, ഗിരീശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.