ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൻ നടത്തിയതിൽ മിച്ചം ലഭിച്ച തുകയിൽ നിന്നും ‘ഒരു ലക്ഷം’ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
നഗരസഭാങ്കണത്തിൽ വച്ച് ചെയർമാൻ എം. പ്രദീപ് ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. അഡ്വ.ബി.സത്യൻ എം.എൽ.എ, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ ബി. അജയകുമാർ, എസ്. എസ്. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.
സർക്കാർ ഉത്തരവുണ്ടായിരുന്നിട്ടും നഗരസഭാ ഫണ്ടിൽ നിന്നോ കുടുംബശ്രീയിൽ നിന്നോ ഒരു രൂപ പോലും ചിലവഴിക്കാതെ പൂർണ്ണമായും നാട്ടുകാരുടെ സഹകരണത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിച്ചത്. 1,57, 242 രൂപ മിച്ചം വന്നതിൽ ഒരു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തതിന് പുറമെ 57, 242 രൂപ നഗരത്തിലെ പാവപ്പെട്ട ആളുകളെ സഹായിക്കുന്നതിനുള്ള ചെയർമാൻസ് ഫണ്ടിലേക്കും മാറ്റി. ആദ്യമായാണ് ആറ്റിങ്ങൽ നഗരസഭയിൽ ചെയർമാൻസ് ഫണ്ട് രൂപീകരിക്കുന്നത്.
കേരളത്തിൽ ആറ്റിങ്ങൽ നഗരസഭയാണ് പൂർണമായും സൗജന്യമായി കമ്മ്യൂണിറ്റി കിച്ചൻ സംഘടിപ്പിച്ച് സംസ്ഥാനത്തിന് ഒരിക്കൽ കൂടി മാതൃകയായത്. ആറ്റിങ്ങൽ നഗരസഭയുടെ മാതൃകാപരമായ പ്രവർത്തനത്തെ മന്ത്രി അഭിനന്ദിച്ചു.