തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള 02431 നമ്പര്‍ നിസാമുദ്ദീന്‍ എക്സ്പ്രസ് വെള്ളിയാഴ്ച (മെയ് 15) വൈകിട്ട് 7.45ന് യാത്രതിരിച്ചു. 183 പുരുഷന്മാരും 112 സ്ത്രീകളും ഉള്‍പ്പടെ 295 യാത്രക്കാരാണ് ട്രെയിനിലുള്ളത്. 299 പേര്‍ യാത്ര ചെയ്യാനായി ബുക്കിംഗ് ചെയ്തിരുന്നെങ്കിലും യാത്രാപാസില്ലാത്ത രണ്ടുപേരെയും ടിക്കറ്റില്‍ അപാകതകളുണ്ടായിരുന്ന രണ്ടുപേരെയും യാത്രയില്‍ നിന്നും ഒഴിവാക്കി. എല്ലാ യാത്രക്കാരെയും കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങളില്ല. എറണാകുളം, കോഴിക്കോട് എന്നീ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാരുണ്ട്. ഒരുസ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിക്കുന്നവര്‍ക്ക് കേരളത്തിലെ മറ്റൊരു സ്റ്റേഷനിലും ഇറങ്ങാന്‍ കഴിയില്ല. എല്ലാ യാത്രക്കാരും മാസ്‌ക് ധരിച്ച് മാർഗനിർദ്ദേശമനുസരിച്ചാണ് യാത്രചെയ്യുന്നതെന്ന് അധികൃതര്‍ ഉറപ്പാക്കി.