ദുരിതഘട്ടത്തില്‍ എസ് വൈ എസിന്റെ ഇടപെടല്‍ മാതൃകാപരം: മന്ത്രി കടകംപള്ളി

0
147

തിരുവനന്തപുരം: കോവിഡ്19 ഉള്‍പ്പെടെയുള്ള ദുരിത ഘട്ടങ്ങളില്‍ എസ് വൈ എസ് സ്വാന്തനത്തിന്റെ ജീവകാരുണ്യപരമായ ഇടപെടലുകള്‍ മാതൃകാ പരമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എസ് വൈ എസ് സാന്ത്വനം റമസാന്‍ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെയാകെ ബാധിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെയും കോവിഡ് പോലെയുള്ള രോഗവ്യാപനത്തിന്റെയും ഘട്ടങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് മാത്രമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന യാഥാര്‍ഥ്യമാണ്. ഈ സാഹചര്യത്തില്‍ എസ് വൈ എസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സാന്ത്വന-സേവന പ്രവര്‍ത്തനങ്ങള്‍ നാടിന് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയാണ് എസ് വൈ എസ് സാന്ത്വനം റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തത്. എസ് വൈ എസിന്റെ പതിവ് റമസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിപുലപ്പെടുത്തുകയായിരുന്നു. എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന റിലീഫ് ക്യാമ്പയിനില്‍ രണ്ടുലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന തല തിരുവനന്തപുരത്ത് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധങ്ങളടങ്ങിയ ഇരുപതിനായിരം കിറ്റുകളാണ് വിതരണം ചെയ്തത്.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സമിതിയംഗം സിദ്ദീഖ് സഖാഫി നേമം റമസാന്‍ സന്ദേശം നല്‍കി. ശറഫുദ്ദീന്‍ പോത്തന്‍കോട്, റിയാസ് കപ്പാംവിള, അബ്ദുല്‍ കരീം നേമം, മുഹമ്മദ് ജാസ്മിന്‍, ഷാനവാസ് കഴക്കൂട്ടം, അബ്ദുസലീം നേമം, സിദ്ദീഖ് സഖാഫി ബീമാപള്ളി, സനൂജ് വഴിമുക്ക്, നവാസ് സഖാഫി, നജീബ് സഖാഫി പൂവച്ചല്‍, ഷാഹുല്‍ ഹമീദ് സഖാഫി, മുനീര്‍ പൊറ്റവിള സംബന്ധിച്ചു.