അടുത്ത മൂന്ന് ആഴ്ച കേരളത്തിന് നിര്‍ണായകം; ആള്‍ക്കൂട്ടം ഒഴിവാക്കിയേ മതിയാകൂ- ആരോഗ്യമന്ത്രി

0
77

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് അടുത്ത മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രണ്ടു മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവർക്ക് ചികിത്സ നൽകുകയും ചെയ്യുന്നു.

ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി കൂട്ടച്ചേർത്തു.