മുംബൈയിൽ നടന്ന ബാങ്ക് തട്ടിപ്പിൽ താനും ഇരായായെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ. തട്ടിപ്പിനിരയാകുകയോ പണം നഷ്ടമാകുകയോ ചെയ്തിട്ടില്ല. വാർത്ത റിപ്പോർട്ട് ചെയ്ത ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് സംഭവിച്ച അബദ്ധമാണ് വാർത്തയോടൊപ്പം തന്നെ ടാഗ് ചെയ്യാൻ കാരണമെന്നും ശ്വേത മേനോൻ വിശദമാക്കി.
കഴിഞ്ഞ ദിവസം മുംബൈയിലെ സ്വകാര്യ ബാങ്കിൽ 40 അക്കൗണ്ട് ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയിരുന്നു. നടിയും അവതാരകയുമായ ശ്വേത മേമനും കബളിപ്പിക്കപ്പെട്ടവരിലുൾപ്പെടും. ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ശ്വേത മേമന് പകരം ശ്വേത മേനോനെയാണ് ടാഗ് ചെയ്തത്. ഇതോടെ നിരവധി ഫോൺകോളുകളായിരുന്നു നടിക്ക് വന്നുകൊണ്ടിരുന്നത്. തുടർന്നാണ് സമൂഹമാധ്യമത്തിൽ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്.