എൻ.ജി.ഒ അസോസിയേഷനിൽ പൊട്ടിത്തെറി; ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തെ വെട്ടി എ ഗ്രൂപ്പ് സംസ്ഥാന പ്രസിഡൻ്റിൻ്റെ നീക്കം

0
1249

എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ തെരഞ്ഞെടുപ്പിനിടെ എ ഗ്രൂപ്പ് യോഗത്തിൽ പൊട്ടിത്തെറിയും കയ്യാങ്കളിയും .നിലവിലെ സംസ്ഥാന ട്രഷറർ പി ഉണ്ണികൃഷ്ണൻ പ്രൊമോഷൻ ആകുന്നതിനു മുൻപ് തിരക്കിട്ടു യോഗം വിളിച്ചു പുതിയ ട്രഷററെ തെരഞ്ഞെടുക്കുകയായിരുന്നു.

എ ഗ്രൂപ്പിൽ നിന്നും നിലവിൽ സീനിയർ വൈസ് പ്രസിഡണ്ടായ എ.എം ജാഫർഖാനെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കാതെ ജൂനിയറായ ഒരാളെ സംസ്ഥാന പ്രസിഡൻറ് നാമനിർദേശം ചെയ്യുകയായിരുന്നു.
ഭാരവാഹിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അഭിപ്രായ ഐക്യം രൂപീകരിക്കുവാൻ കഴിയുന്നില്ലായെങ്കിൽ ട്രഷറർ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർദേശം സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ തള്ളിക്കളഞത് എ ഗ്രൂപ്പ് നേത്യത്വത്തെ അമ്പരപ്പിച്ചു.

എ ഗ്രൂപ്പ് നോമിനിയായ സംസ്ഥാന പ്രസിഡൻറ് ഐ ഗ്രൂപ്പിൻ്റെ സഹായത്തോടെ കരുക്കൾ നീക്കിയാണ് എ വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡൻ്റിനെ വെട്ടിയത്. എ ഗ്രൂപ്പിൻ്റെ സംസ്ഥാന ഭാരവാഹി യോഗത്തിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാക്കൾകെതിരെ രൂക്ഷമായ വിമർശനമാണ് ചവറ ജയകുമാർ നടത്തിയത്.തെരഞ്ഞെടുപ്പിനെ തുടർന്ന് രൂക്ഷമായ വാദ പ്രതിവാദങ്ങളും മുദ്രാവാക്യം വിളിച്ചുമൊക്കെ സംഭവ സ്ഥലം സംഘർഷ ഭരിതമായി.

ഈ വാർത്തകൾ സംസ്ഥാന പ്രസിഡൻ്റ് നിഷേധിച്ചിട്ടില്ല എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സംഭവങ്ങളുടെ വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.