അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ പത്താം നമ്പർ അംഗൻവാടിയിലെ കുട്ടികളുടെ ദുരിതത്തിന് പരിഹാരമായി. ഒരു തകര ഷെഡ്ഡിലെ വരാന്തയിൽ ആയിരുന്നു ഈ അംഗൻവാടി പ്രവർത്തിച്ചു കൊണ്ടിരുന്നത് കാറ്റത്തും വെയിലത്തും മഴയത്തും ഈ കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ടു അനുഭവിക്കേണ്ടി വന്നു. കയർ തൊഴിലാളികളുടെയും മത്സ്യ ത്തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിക്കുന്നതു. സ്ഥലം ഇല്ലാത്തതു കാരണം ഇവർക്ക് കെട്ടിടം നിർമ്മിച്ചു കൊടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഈ ദുരിതാവസ്ഥ ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സുരേന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന്, ബ്ലോക്ക് പഞ്ചായത്തിലെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാല് സെന്റ് പുരയിടം ഈ അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിന് വാങ്ങി നൽകുകയുണ്ടായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഐസിഡിഎസ് സഹകരണത്തോടുകൂടി ഈ വസ്തുവിൽ പുതിയ കെട്ടിടം നിർമ്മിച്ചു.
ഈ അംഗനവാടി കെട്ടിടത്തിന്റെ ഉദ് ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുരേന്ദ്രൻ , ലിജാബോസ്, രാജലക്ഷ്മി, ജ്യോതിജയറാം , തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ഷംനാദ് എസ്,ഓവർസിയർ പ്രമോദ് പി. എസ് , ബി എൻ സൈജു രാജ്, എൽ സ്കന്ദ കുമാർ, ഷെറിൻ ജോൺ, കായിക്കര അശോകൻ എന്നിവർ ചടങ്ങിൽ
പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ അധ്യക്ഷ വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എസ് പ്രവീൺ ചന്ദ്ര സ്വാഗതം പറഞ്ഞു.