കൊല്ലം കല്ലുവാതുക്കലിൽ കരിയിലകൂട്ടത്തിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. അണുബാധയേറ്റതാവാം മരണ കാരണമെന്ന് എസ്എടി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കൊല്ലം കല്ലുവാതുക്കലില്‍ ഇന്ന് രാവിലെ 6 മണിയോടെയാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.
വീടുകള്‍ക്ക് സമീപമുള്ള പറമ്പില്‍ കരിയിലക്കൂട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. കുഞ്ഞിന് രണ്ട് ദിവസം പ്രായമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. ആദ്യഘട്ടത്തിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വൈകീട്ടോടെ ആരോഗ്യ നില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തു.
നിരവധി തെരുവ് നായ്ക്കള്‍ ഉള്ള സ്ഥലത്താണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. പൊക്കിള്‍കൊടിയോടെയുള്ള കുഞ്ഞായിരുന്നു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ക്കായി പാരിപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.